
പാലക്കാട്: കളവ് കേസിലെ പ്രതി 40 വർഷത്തിന് ശേഷം അറസ്റ്റിൽ. നാഗലശേരി ചാലിശ്ശേരി സ്വദേശിയായ മുഹമ്മദ് ഉണ്ണിയെയാണ്(73) കോഴിക്കോട് നിന്നും പിടികൂടിയത്. 1983ൽ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത നാല് കളവുകേസുകളിലെ പ്രതികളിലൊരാളാണ്. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ദീർഘകാലമായി കിട്ടാത്ത പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് രൂപികരിച്ച കസബ പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കസബ ഇൻസ്‌പെക്ടർ എൻ.എസ്.രാജീവ്, സീനിയർ സി.പി.ഒമാരായ ആർ.രാജീദ്, എസ്.ജയപ്രകാശ്, വി.സെന്തിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.