
ഒറ്റപ്പാലം: നഗരസഭയിലെ മാലിന്യം നിറഞ്ഞ പ്രദേശങ്ങൾ പൂന്തോട്ടമാക്കാൻ സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ പദ്ധതി. നഗരത്തിലെ വ്യാപാരിയും എസ്.ആർ.കെ.നഗർ സ്വദേശിയുമായ കെ.വി.നൗഷാദ്, സുഹൃത്ത് കെ.പി.സഫാദ് അലി എന്നിവരാണ് പദ്ധതിക്ക് സഹായവുമായി രംഗത്തെത്തിയത്. വരോട് കെ.പി.എസ് എം.വി.എച്ച്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ പ്രധാന പ്രവർത്തനം ഒറ്റപ്പാലം നഗരസഭയിൽ ഇത്തരത്തിൽ മാതൃകാ പൂന്തോട്ടം നിർമ്മിക്കലാണ്.
പത്തൊമ്പതാം മെയിലിൽ താമരക്കുളത്തിന് സമീപം ഹൈവേയോട് ചേർന്ന പ്രദേശമാണ് ആദ്യം വിശ്രമ കേന്ദ്രമാക്കി മാറ്റുക. മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രദേശമാണിത്. പൂന്തോട്ടമാക്കി മാറ്റാനുള്ള ശ്രമം നഗരസഭ നടത്തിയെങ്കിലും തുടർ പരിപാലനം മുടങ്ങിയതോടെ വീണ്ടും കാട് പിടിച്ച് മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലമായി മാറി. പൊന്ത കാടുകൾ വളർന്ന് നിൽക്കുന്ന ഈ പ്രദേശം മാലിന്യകേന്ദ്രമായി വീണ്ടും മാറാതിരിക്കാനാണ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പൂന്തോട്ട നിർമ്മാണത്തോടൊപ്പം ഇരിപ്പിട സൗകര്യമൊരുക്കും, വിശ്രമിക്കാനും വിനോദത്തിനും ഊഞ്ഞാൽ സ്ഥാപിക്കും, ഫെൻസിംഗ് കെട്ടി സംരക്ഷണം ഉറപ്പാക്കും, പ്രവേശന കവാടം നിർമ്മിച്ച് നടപ്പാതയും ഇരിപ്പിടങ്ങളും സജ്ജീകരിക്കും. മരത്തിനു ചുറ്റും വേലി കെട്ടി വേർതിരിക്കും. ഭാവിയിൽ സോളാർ വെളിച്ചം സ്ഥാപിക്കാനും പദ്ധതിയുണ്ട്. തുടർ പരിപാലനം ഉറപ്പാക്കാനും പരിപാടിയുണ്ട്. നഗരസഭ നൽകുന്ന 5000 രൂപക്ക് പുറമേ എൻ.എസ്.എസ് യൂണിറ്റും തുക ചെലവഴിക്കും. നൗഷാദ് അടക്കം സ്വകാര്യ സംരംഭകരിൽ നിന്നുള്ള സംഭാവനകളും പദ്ധതിക്ക് വലിയ തുണയായി.
റോഡരികിലെ പൊതുമാലിന്യം മാറ്റി ആകർഷകമായ പൂന്തോട്ടവും വിശ്രമകേന്ദ്രവുമാക്കി മാറ്റുന്ന സ്‌നേഹാരാമം പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനം നാളെ തുടങ്ങി 31 നകം പദ്ധതി പൂർത്തീകരിക്കും.നഗരസഭ ജീവനക്കാരും, ശുചിത്വമിഷനും എൻ.എസ്. എസ് യൂണിറ്റും, കൈകോർക്കുമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ടി.പി.പ്രദീപ് കുമാർ പറഞ്ഞു.