പട്ടാമ്പി: കപ്പൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുന്നിടിച്ച് മണ്ണ് കടത്തി കൊണ്ട് പോകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനോടകം പല കുന്നുകളും പൂർണ്ണമായും ഭാഗികമായും അപ്രത്യക്ഷമായി.
ആദ്യകാലങ്ങളിൽ പൊലീസ്, ജിയോളജി, റവന്യൂ ഉദ്യോഗസ്ഥരെല്ലാം ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീടെല്ലാം വഴിപാടായി മാറി. കഴിഞ്ഞ ഏതാനും മാസമായി കാഞ്ഞിരത്താണി, പളളങ്ങാട്ട് ചിറ, മണ്ണാരപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ദിനേന നൂറുകണക്കിന് ലോഡ് മണ്ണാണ് വലിയ ടോറസ് ലോറികളിൽ രാപ്പകൽ ഭേദമന്യേ മലപ്പുറം തൃശൂർ ജില്ലകളിലേക്ക് കടത്തുന്നത്.
ദേശീയപാത വികസനം എന്ന പേരിലാണ് മണ്ണ് കൊണ്ട് പോകുന്നതെങ്കിലും പല ലോഡും മറിച്ച് വിൽക്കുന്നതായി ആരോപണമുണ്ട്. അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെരെ പ്രദേശവാസികൾ പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ആരും ഇത് ചെവിക്കൊണ്ടില്ല.
റോഡുകൾ തകർന്നു, അപകടമേറി
വലിയ ടോറസ് ലോറികളിൽ അമിതമായി മണ്ണ് കയറ്റി പോകുന്നതിനാൽ പല റോഡുകളും തകർന്നു. നവീകരണം നടത്തിയ റോഡുകൾ ആഴ്ചകൾക്കുള്ളിൽ തകരുന്നത് ഇത്തരം ഭാരവാഹനങ്ങളുടെ നിരന്തര സഞ്ചാരം മൂലമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം മണ്ണുമായി കുന്നിറങ്ങി വന്ന ടോറസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവറും ക്ലീനറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് എട്ടാമത്തെ തവണയാണ് മണ്ണെടുത്ത ലോറി അപകടത്തിൽ പെടുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.
പരിശോധന വേണം
അപകടത്തിൽപ്പെട്ട ലോറി ഉയർത്തി കൊണ്ടുപോകാൻ ശ്രമിച്ച മണ്ണുകടത്തുകാരെ നാട്ടുകാർ തടഞ്ഞു. തുടർന്ന് ചാലിശേരി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും വണ്ടി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ ചെറുത്തുനിൽപ്പ് രൂക്ഷമായതോടെ പൊലീസും പിൻവാങ്ങി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥരടങ്ങുന്ന സമിതി സ്ഥലം പരിശോധിച്ച് തീരുമാനമെടുക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ് നാട്ടുകാർ.