പാലക്കാട്: കരുത്തിന്റെ പ്രതീകമാണ് കൂറ്റനാട് കിളിവാലൻകുന്ന് വളപ്പിൽ വീട്ടിൽ ബർക്കത്ത് നിഷ. ഇന്ത്യയിൽ ഹസാർഡസ് ലൈസൻസ് നേടുന്ന രണ്ടാമത്തെ വനിതയാണ് ഈ 27കാരി. ഒന്നര വർഷത്തോളമായി ദുബായിൽ മിഡ് ഏഷ്യ പെട്രോളിയം ട്രാൻസ്പോർട്ട് കമ്പനിയുടെ 60,000 ലിറ്റർ ശേഷിയുള്ള ട്രെയ്ലറിന്റെ വളയം ഈ കൈകളിൽ ഭദ്രമാണ്.
ആസിഡ്, പെട്രോൾ, ഡീസൽ, അപകടകരമായ വാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നതിനാണ് ഹസാർഡസ് ലൈസൻസ് എടുക്കുന്നത്. ഈ ലൈസൻസ് നേടിയ രാജ്യത്തെ ആദ്യ വനിത തൃശൂർ സ്വദേശിനി ഡെലീഷ ഡേവിസാണ്.
പരേതനായ അബ്ദുൾ ഹമീദിന്റെയും ഹഫ്സത്തിന്റെയും നാലു മക്കളിൽ മൂന്നാമത്തെയാളാണ് ബർക്കത്ത് നിഷ. പതിനാലാം വയസിൽ സഹോദരന്റെ ബൈക്ക് ഓടിച്ചാണ് തുടങ്ങിയത്. പിന്നീട് ഓട്ടോയും കാറും ലോറിയും ബസും ഓടിക്കാൻ പഠിച്ചു. ആദ്യം വീട്ടുകാരുടെ എതിർത്തെങ്കിലും പിന്നീട് നിഷയിൽ അവർ വിശ്വാസമർപ്പിച്ചു.
നാട്ടിൽ പുലാമന്തോളിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്ത അനുഭവ സമ്പത്തിന്റെ ബലത്തിലാണ് വിദേശത്തേക്ക് പറന്നത്.
കെ.എസ്.ആർ.ടി.സി ബസുകളോട് തോന്നിയ ഇഷ്ടമാണ് പിന്നീട് വലിയ വാഹനങ്ങൾ ഓടിക്കണമെന്ന ആഗ്രഹമായി വളർന്നത്. പി.എസ്.സി പരീക്ഷയ്ക്ക് പോകുമ്പോഴും മറ്റും കെ.എസ്.ആർ.ടി.സി ബസ് കാണുമ്പോഴേ കൗതുകം ജനിക്കും. കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ ആരാധനയോടെ നോക്കും. കേരള പൊലീസിൽ ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കണമെന്ന് ബർക്കത്ത് നിഷ ആവശ്യപ്പെടുന്നു. ആറ് വർഷം മുമ്പ് വിവാഹമോചനം നേടിയിരുന്നു. ഏഴ് വയസുകാരി ഐഷ നസ്രിനാണ് മകൾ.