
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ബസ് കാത്തു നിൽക്കാനെത്തുന്നത് ഒരു പാലമര ചുവട്ടിലേക്കാണ്. ഇരിക്കാനിടമില്ലെങ്കിലും ആ മരതണലിൽ അൽപനേരം നിൽക്കുന്ന ആരും തന്നെ ഒന്ന് മേലേക്ക് നോക്കും. പ്രകൃതി കനിഞ്ഞ് നൽകിയ തണൽ ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി നില കൊണ്ടിരുന്ന ആ പാലമരം മുറിച്ചു മാറ്റി. ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ വികസന കാര്യത്തിനാണ് മരം മുറിച്ചു മാറ്റിയത്. കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് പദ്ധതിയിൽ ഷൊർണൂർ റെയിൽവെ സ്‌സ്റ്റേഷന്റെ മുഖഛായ മാറുന്ന പ്രവൃത്തികളാണ് അതിദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനായാണ് പാല മരത്തെ ഇല്ലാതാക്കിയത്. എന്നാൽ ഇവിടെ റെയിൽവേ സ്റ്റേഷൻ വിട്ട് പുറത്തിറങ്ങുന്ന യാത്രക്കാരന് പൊരി വെയിലിൽ നിൽക്കണം. ബസ് വെയ്റ്റിംഗ് ഷെഡില്ലാത്ത റെയിൽവേ സ്റ്റേഷനാണ് ഷൊർണൂർ. ഇതില്ലാത്തതിന്റെ കുറവ് പരിഹരിച്ചിരുന്നത് ഈ പാല മരമായിരുന്നു. ഇനിയൊരു ബസ് വെയ്റ്റിംഗ് ഷെഡ് അനിവാര്യമാണിവിടെ. അതുണ്ടാകുന്നത് വരെ യാത്രക്കാർ വിയർപ്പൊഴുക്കേണ്ടി വരും. മര തണൽ യാത്രക്കാരന് മാത്രമല്ല റോഡിലൂടെ അലഞ്ഞ് നടക്കുന്ന പശുക്കൾക്കും ആശ്വാസ കേന്ദ്രമായിരുന്നു. മാത്രമല്ല ആകാശ പറവകൾക്ക് കൂടൊരുക്കാനൊരിടം കൂടിയായിരുന്നു ഈ മരം.