കൊല്ലങ്കോട്: ജില്ലയിലെ രണ്ടാമത്തെ വലിയ രഥോത്സവമായ കൊടുവായൂർ കേരളപുരം വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ തേരിന്റെ രണ്ടാംദിനത്തിലെ ദേവരഥ സംഗമം ഭക്തിസാന്ദ്രമായി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഗോകുലത്തെരുവിൽ നിന്ന് രഥം ഗ്രാമ പ്രദക്ഷിണം ആരംഭിച്ചു. മൊക്ക് ത്തെരുവ് (കോർണർ സ്ട്രീറ്റ്), ഇരട്ടത്തെരുവ് (ഡബിൾസ്ട്രീറ്റ്) എന്നിവയിലൂടെ ഇട്ടിൽ പാതയിൽ എത്തിച്ചേർന്നു. രാത്രി ഏഴോടെ മൂന്ന് ദേവരഥങ്ങളും സംഗമിച്ച് ക്ഷേത്രത്തിലേക്ക് പ്രയാണം നടത്തി. ദേവരഥങ്ങൾ ക്ഷേത്രത്തിൽ എത്തിയതോടെ കരിമരുന്ന് പ്രയോഗം നടന്നു. തുടർന്ന് പാണ്ടിമേളം അരങ്ങേറി.
ഇന്ന് പുലർച്ചെ 2.30 മുതൽ നാലുവരെ പല്ലക്ക് കച്ചേരിയും നാലിന് കുളത്തേരും തുടർന്ന് മൗനവ്രതവുമാണ്. രാവിലെ 9.30ന് മഞ്ഞൾ നീരാട്ട്, മഹാഭിഷേകം, ദീപാരാധന, രാത്രി എട്ടിന് ധ്വജാവരോഹണം എന്നിവ നടക്കും. തുടർന്ന് പ്രസാദ വിതരണത്തോടെ ഇക്കൊല്ലത്തെ രഥോത്സവത്തിന് പരിസമാപ്തിയാകും.