ഷൊർണൂർ: ഭാരതപ്പുഴയിൽ ത്രാങ്ങാലിയിലെ പ്രളയത്തിൽ തകർന്ന അടിയണയുടെ ഭിത്തികൾ ഇനിയും പുനഃസ്ഥാപിച്ചില്ല. ഇതുമൂലം ലിഫ്റ്റ് ഇറിഗേഷനിലേക്ക് പമ്പ് ചെയ്യാൻ വെള്ളമില്ലാത്തതിനാൽ കാരക്കാട്, ത്രാങ്ങാലി ഭാഗത്തെ കതിർ വന്നതും വരാറായതുമായ 150 ഏക്കർ രണ്ടാംവിള നെൽകൃഷി ഉണക്ക ഭീഷണിയിലാണ്. പാടം വറ്റിവരണ്ട് നിലം വിണ്ടുകീറി. കൃഷി ഉണങ്ങിയാൽ കനത്ത സാമ്പത്തിക നഷ്ടമാണ് കർഷർക്കുണ്ടാകുക.
അടിയണ നിർമ്മിക്കുന്നതിന് മുമ്പ് വാണിയംകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിയുടെ ആവശ്യത്തിനും ജനകീയ പങ്കാളിത്തത്തോടെ ചാക്കിൽ മണൽ നിറച്ച് താത്കാലിക തടയണ കെട്ടി ജലക്ഷാമം പരിഹരിച്ചിരുന്നു. സംസ്ഥാന തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു ഈ ജനകീയ തടയണ.
പിന്നീട് പ്രശസ്ത ജലവിഭവ വിദഗ്ദ്ധൻ ടി.എൻ.എൻ.ഭട്ടതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ഇതേ സ്ഥലത്ത് ത്രിതല തദ്ദേശ സ്ഥാപന ഫണ്ടുപയോഗിച്ച് കരിങ്കൽ ഭിത്തി നിർമ്മിച്ച് അതിനുള്ളിൽ ബെന്റോനറ്റ് മണൽ, സിമന്റ് മിശ്രിതം നിറച്ച് ഇരുമ്പ് നെറ്റ് ഉപയോഗിച്ച് പുഴയിലെ അടിയൊഴുക്ക് തടഞ്ഞ് പരിസരത്ത് ഭൂഗർഭ ജലം വർദ്ധിപ്പിക്കുന്ന രീതിയിലാണ് അടിയണ നിർമ്മിച്ചത്. 2018ലെ പ്രളയത്തിൽ മുകളിലെ ഭിത്തികൾ തകർന്നു.
ഷൊർണൂർ നഗരസഭ, വാണിയംകുളം, പാഞ്ഞാൾ, തൊഴുപ്പാടം പഞ്ചായത്തുകളിലെ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപകാരപ്പെടുന്നതായിരുന്നു പദ്ധതി. മേൽഭിത്തി തകർന്നതോടെ വെള്ളം നിൽക്കാതായി. 2019 മുതൽ നെൽകൃഷിക്ക് ഉണക്ക ഭീഷണിയുണ്ടാവുമ്പോൾ കർഷകരും നാട്ടുകാരും ചേർന്ന് ചാക്കിൽ മണൽ നിറച്ച് താത്കാലിക തടയണ നിർമ്മിച്ചിരുന്നു.
പരാതി നൽകി കർഷകർ
പാടശേഖര സമിതികളുടെ ആവശ്യ പ്രകാരം പി.മമ്മിക്കുട്ടി എം.എൽ.എ ഇടപെട്ട് രണ്ട് മോട്ടോറുകൾ പമ്പ് ഹൗസിൽ സ്ഥാപിച്ചെങ്കിലും പുഴയിൽ വെള്ളമില്ലാത്തതിനാൽ പമ്പിംഗ് നടക്കുന്നില്ല. പുഴയുടെ നീരൊഴുക്കിന്റെ ഗതി മാറ്റം നിമിത്തം താത്കാലിക തടയണ കെട്ടാനാവാത്ത അവസ്ഥയാണ്. ജെ.സി.ബി ഉപയോഗിച്ച് ചാലുകീറി പമ്പിംഗിന് വെള്ളമെത്തിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പി.മമ്മിക്കുട്ടി എം.എൽ.എ, നഗരസഭാദ്ധ്യക്ഷൻ എം.കെ.ജയപ്രകാശ്, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, ജലസേചന വകുപ്പ് എക്സി.എൻജിനീയർ എന്നിവർക്ക് കാരക്കാട് പാടശേഖര സമിതി പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ, സെക്രട്ടറി സി.ബിജു എന്നിവർ പരാതി നൽകി.