 
ഒറ്റപ്പാലം: ലഹരിക്കെതിരായ കൂട്ടായ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെയും കരുത്തോടെയും വേണമെന്ന് ഒറ്റപ്പാലം എസ്.ഐ പി.വി.സുഭാഷ് പറഞ്ഞു. വരോട് കെ.പി.എസ്.എം.എം.വി എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി ലക്കിടി ശ്രീശങ്കരാ ഓറിയന്റൽ സ്കൂളിൽ കേരളകൗമുദിയും സൂര്യ ഗോൾഡ് ലോണും ചേർന്ന് നടത്തിയ ലഹരി വിമുക്ത പാലക്കാട് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ചതിക്കുഴികളെ കരുതിയിരിക്കാൻ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ വിദ്യാർത്ഥികളെ സഹായിക്കും. മാരകമായ ലഹരി ആക്രമണത്തിനെതിരെ രക്ഷിതാക്കൾ കരുതിയിരിക്കണം.
വരോട് വി.എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപിക എൻ.ഇന്ദുകല അദ്ധ്യക്ഷയായി. സിവിൽ എക്‌സൈസ് ഓഫീസർ ഫ്രെനെറ്റ് ഫ്രാൻസിസ് ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ കെ.ഹരി, എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ടി.പി.പ്രദീപ് കുമാർ, യു.ത്രീ എ സോണൽ കോഓർഡിനേറ്റർ കെ.ടി.ഷാജി, കേരളകൗമുദി റിപ്പോർട്ടർ രാധാകൃഷ്ണൻ മാന്നനൂർ, മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി എന്നിവർ സംസാരിച്ചു.
സെമിനാറിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ഒറ്റപ്പാലം യൂണിയൻ പ്രസിഡന്റ് പ്രവീൺ കണ്ടംപുള്ളി, ഷൊർണൂർ ആർ.കെ.കൺസ്ട്രക്ഷൻ ഉടമ രതീഷ് കുമാർ, ഒറ്റപ്പാലം സെക്കൻഡ് ചോയ്സ് ഉടമകളായ കെ.വി.നൗഷാദ്, സഫാദ് അലി എന്നിവർ കേരള കൗമുദിയുടെ ഉപഹാരം ഏറ്റുുവാങ്ങി.