v

ഒരു കാലത്ത് പ്രൗഢിയോടെ നിന്നിരുന്ന ജില്ലയിലെ കൈത്തറി നെയ്ത്ത് വ്യവസായമേഖല ഇന്ന് നിലനിൽപ്പിനായുള്ള നിലവിളിയിലാണ്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ നെയ്ത്ത് തറികളിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശബ്ദം ഇപ്പോൾ അധികം കേൾക്കാനില്ല. പൊതുസ്ഥലങ്ങളിലും ക്ഷേത്ര മൈതാനങ്ങളിലും നെയ്ത്തിനുള്ള പാവുണക്കും വീടുകൾ തോറുമുള്ള താരുചുറ്റും ഇന്ന് പാലക്കാട്ടെ അപൂർവ കാഴ്ചയാണ്.

കഴിഞ്ഞ നാലു പതിറ്റാണ്ടു മുമ്പുവരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ മേഖലയെ കൂലിക്കുറവും, പവർ ലൂമിൽ നിന്നുള്ള മത്സരവുമാണ് പാടെ തകർത്തത്. പുതിയ തലമുറ നെയ്ത്തിലേക്ക് കടന്നുവരാത്ത അവസ്ഥയും പ്രതിസന്ധിക്ക് ആക്കം കൂട്ടി. കൈത്തറി മേഖലയിൽ 150ഓളം പ്രാഥമിക സഹകരണ സംഘങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വിരലിൽ എണ്ണാവുന്ന സംഘങ്ങൾ മാത്രം. കൈകൊണ്ട് യന്ത്രസഹായമില്ലാതെ നെയ്‌തെടുക്കുന്ന മുണ്ടുകൾ, തോർത്തുകൾ, ബഡ്ഷീറ്റുകൾ, സാരികൾ എന്നിവയ്ക്ക് നല്ല ഡിമാൻഡാണുള്ളത് എങ്കിലും തൊഴിലാളിക്ക് ന്യായമായ വേതനം ലഭിക്കാറില്ല.

തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കു മൂലം ജില്ലയിലെ പല കൈത്തറി സംഘങ്ങളുടെയും പ്രവർത്തനം നിലച്ചനിലയിലാണ്. സർക്കാർ പ്രഖ്യാപിക്കുന്ന റിബേറ്റ് തിരികെ ലഭിക്കുന്നതിലുള്ള കാലതാമസവും റിബേറ്റ് കാലയളവ് വെട്ടിക്കുറച്ചതും വാങ്ങുന്ന തുണിയുടെ തുക ഹാന്റക്സ് നൽകാത്തതും സംഘങ്ങൾക്ക് ഇരുട്ടടിയാണ്. വിശേഷ കാലയളവുകളിൽ നടത്തുന്ന പ്രദർശനമേളകളിൽ മാത്രമാണ് കൈത്തറി തുണികൾ ഇപ്പോൾ സംഘങ്ങൾ വിൽക്കാറുള്ളത്. ബാങ്കുകളിൽനിന്നുള്ള വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ പല സംഘങ്ങളും അടച്ചുപൂട്ടി. നെയ്ത്തിൽ നിന്നും ലഭിക്കുന്ന വേതനം വളരെ കുറവായതിനാൽ നെയ്ത്തുതൊഴിലാളികളിൽ പലരും തൊഴിലുറപ്പ് തൊഴിലാളികളായി മാറി.

പല സംഘങ്ങളിലും ഇന്ന് ഭരണസമിതി പോലും നിലവിലില്ലാത്ത അവസ്ഥയാണുള്ളത്. പിരിഞ്ഞുപോയവർക്ക് ആനുകൂല്യങ്ങൾ പോലും നൽകിയിട്ടില്ല. 10 കൊല്ലം മുമ്പ് വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത നെയ്ത്തു തൊഴിലാളികൾക്ക് സേലം ഐ.ഐ.ടി.യിൽ പരിശീലനം നൽകിയെങ്കിലും ഫലം കണ്ടില്ല. വീടുകളിൽ തറികൾ സ്ഥാപിച്ച് നെയ്ത്തു നടത്തുന്നവർ ഹാൻവീവിനാണ് നെയ്‌തെടുക്കുന്ന മുണ്ടുകൾ നൽകുന്നത്. അവർക്കും യഥാസമയം പണം കിട്ടാറില്ല. മറ്റു മേഖലകളിൽ വേതന വർധന നടപ്പാക്കാറുണ്ടെങ്കിലും കൈത്തറി നെയ്ത്ത് മേഖലയിൽ കൂലി പുതുക്കൽ നടക്കുന്നില്ല. പ്രവർത്തന മൂലധന ക്ഷാമവും ഈ മേഖലയെ വല്ലാതെ അലട്ടുന്നുണ്ട്. ആവശ്യത്തിനുള്ള പ്രതിഫലം ലഭിക്കാത്തതിനാൽ കൈത്തറികളങ്ങളിൽനിന്നും ഉയരുന്നത് തൊഴിലാളികളുടെ ദീനരോദനമാണ്. കൈത്തറി നെയ്ത്ത് മേഖല നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൈത്തറി മേഖല ജില്ലയിൽ ഒരോർമയായി മാറാൻ അധികകാലം വേണ്ടിവരില്ല.

യൂണിഫോം പദ്ധതിയിലും രക്ഷയില്ല

2017ൽ കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും തൊഴിലാളികളെ ഈ മേഖലയിൽ തന്നെ നിലനിർത്തുന്നതിനുമായി സ്‌കൂൾ യൂണിഫോം കൈത്തറിയാക്കി പ്രഖ്യാപിക്കുകയും യൂണിഫോം തുണികൾ നെയ്യുന്ന ജോലി കൈത്തറി സംഘങ്ങളെ ഏൽപ്പിക്കുകയും ചെയ്തു. ഒരു മീറ്ററിന് 30 രൂപ 50 പൈസയാണ് കൂലിയായി നിശ്ചയിച്ചിരുന്നത്. ആദ്യഘട്ടത്തിൽ തൊഴിലാളികൾക്ക് അതൊരു ആശ്വാസമായിരുന്നെങ്കിലും തുടർപ്രവർത്തനം നിലച്ചത് തിരിച്ചടിയായി.

വർഷങ്ങൾക്കു മുൻപു തുന്നിയ സ്‌കൂൾ യൂണിഫോമുകൾവരെ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ചിലയിടങ്ങളിൽ ആറുമാസമായി നെയ്യാൻ നൂലുപോലുമില്ല. തൊഴിലാളികൾക്കു മാസങ്ങളായി കൂലിയില്ല. ജില്ലയിലെ കൈത്തറി സംഘങ്ങളുടെ ഉത്പാദനം നിലച്ചതിനാൽ ഒട്ടേറെ തൊഴിലാളികൾക്കു ജോലിയില്ലാത്ത സാഹചര്യം. പലരും ഉപജീവനത്തിനായി തൊഴിലുറപ്പ് ജോലിക്കും മറ്റും പോയിത്തുടങ്ങി. സ്‌കൂൾ യൂണിഫോ നിർമ്മിച്ചതിന്റെ കൂലി ഇനി എന്നു ലഭിക്കുമെന്നതും നിശ്ചയമില്ല.

പുതുക്കോട് കൈത്തറി സംഘം


നാലുമാസമായി നൂലില്ലാത്തതിനാൽ ഇവിടെ നെയ്ത്തു നടക്കുന്നില്ല. അദ്ധ്യയന വർഷം തീരാറായിട്ടും യൂണിഫോം നെയ്യാനുള്ള നൂലും ജൂണിനു ശേഷം കൂലിയും കിട്ടിയിട്ടില്ല. ഉടൻ നൂലുകിട്ടുമെന്ന മറുപടിയാണ് നാളുകളായി ഹാൻഡ്ലൂം ഡയറക്ടറേറ്റിൽ നിന്നുള്ളത്. 2016 മുതൽ സർക്കാർ സ്‌കൂളുകളിൽ ഇവർ യൂണിഫോമുകൾ നൽകുന്നു. ഇപ്പോഴെങ്കിലും നൂലും ചായവും എത്തിയാൽ മാത്രമേ നിർമ്മാണം പുനഃരാരംഭിക്കാനാകൂവെന്ന് തൊഴിലാളികൾ പറഞ്ഞു. സ്പിന്നിംഗ് മില്ലുകളിൽ നിന്നു സ്വകാര്യ സംഘങ്ങൾ വൻതുക നൽകി മുഴുവൻ നൂലും സംഭരിക്കുമ്പോൾ സംഘങ്ങളിൽ നൂലും കിട്ടാതെയാകുന്നു. സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.


പഴമ്പാലക്കോട് സംഘം


ആലത്തൂർ പഴമ്പാലക്കോട് കൈത്തറി സംഘത്തിൽ 25 കുടുംബങ്ങളുണ്ട്. ഇവർക്കും കൂലി കിട്ടിയിട്ട് 6 മാസമായി. നെയ്ത്തു സഹകരണസംഘം വഴിയാണ് സർക്കാർ സൗജന്യമായി നൂലു വിതരണം ചെയ്തിരുന്നത്. 5 മാസമായി ഇവിടെയും നൂലില്ല. നെയ്ത വസ്ത്രങ്ങൾ നെയ്ത്തുകാർ സംഘത്തിനും അവിടെനിന്നു ഹാന്റെക്സിനും നൽകുന്നതാണ് രീതി.

ദേവാങ്കപുരം സംഘം


ആറു പതിറ്റാണ്ടു മുൻപു തുടങ്ങിയ ചിറ്റൂർ ദേവാങ്കപുരം ഹാൻഡ്ലൂം ഡവലപ്‌മെന്റ് സെന്ററിൽ നെയ്ത്തു തൊഴിലാക്കിയ മുന്നൂറോളം കുടുംബങ്ങളുണ്ട്. 7 വർഷം മുൻപുവരെ നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന സംഘത്തിനു വരുമാനം നിലച്ചതോടെ തൊഴിലാളികൾ പലരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി തേടിപ്പോയി. സർക്കാർ സബ്സിഡി അനുവദിക്കാത്തതും 2 വർഷം മുമ്പ് സർക്കാർ നിർദ്ദേശമനുസരിച്ചു നെയ്ത സ്‌കൂൾ യൂണിഫോമുകളുടെ വേതനം ലഭിക്കാത്തതും പ്രതിസന്ധി വർധിപ്പിച്ചു. തുണിയിൽ പലതും വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നു. കൂലി കിട്ടാൻ മാസങ്ങളെടുക്കും. കൂലിയും നൂലും കിട്ടിയാൽ നെയ്യാൻ തയാറെന്ന് ഇവർ പറയുന്നു.

പ്രതീക്ഷകളോടെ തേനാരി നെയ്ത്തുഗ്രാമം


കടുത്ത പ്രതിസന്ധികൾക്കിടയിലും ജില്ലയിലെ പഴക്കമേറിയ നെയ്ത്തു ഗ്രാമങ്ങളിലൊന്നായ എലപ്പുള്ളിയിലെ തേനാരി പുതുവർഷ വിപണി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലാണ്. 170 പേർ നെയ്ത്തു ജോലി ചെയ്യുന്നുണ്ടിവിടെ. മുമ്പ് അഞ്ഞൂറിലേറെ പേർ ഉണ്ടായിരുന്നു. 170 വീടുകളിൽ നെയ്ത്തു തറികളുണ്ട്. മുമ്പ് ഓരോ വീട്ടിലും 10 തറി വരെയുണ്ടായിരുന്നു. അവധിക്കാല വിപണി ലക്ഷ്യമാക്കി ഊടും പാവും കളർ നൂലും കസവുമെല്ലാം ഇവിടെ എത്തിയിരുന്നു. കടകളിൽ നിന്ന് ഓർഡറുകൾ കിട്ടുന്നുണ്ടെന്നും നടത്തിപ്പുകാർ പറയുന്നു. പുതുവർഷത്തിലെ പുത്തൻ ഉണർവ്വ് പ്രതീക്ഷിച്ച് ജീവിതം നെയ്തു തുടങ്ങുകയാണ് ഇവർ.