r

ചിറ്റൂർ: താലൂക്കിൽ അർഹമല്ലാത്ത റേഷൻ കാർഡ് കണ്ടെത്തി കാർഡ് ഉടമകളിൽ നിന്ന് പിഴയിനത്തിൽ 28,​21,​147 രൂപ ഈടാക്കിയതായി ഭക്ഷ്യ സുരക്ഷ താലൂക്ക് തല വിജിലൻസ് കമ്മിറ്റിയിൽ താലൂക്ക് സപ്ലൈ ഓഫീസർ എ.എസ്.ബീന അറിയിച്ചു. അനർഹമായി കണ്ടെത്തിയ 725 റേഷൻ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റി.

ഇസി ആക്ട് പ്രകാരമുളള കേസുകളിൽ അനധികൃതമായി സൂക്ഷിച്ച 1950.51 കിലോ അരി പിടിച്ചെടുത്തു. അവ വിറ്റഴിച്ചതിൽ ലഭിച്ച 5,​81,​040 രൂപ സർക്കാർ അക്കൗണ്ടിലേക്ക് മാറ്റി. അതിദരിദ്ര വിഭാഗത്തിൽ പുതിയതായി 93 പേർക്ക് റേഷൻ കാർഡ് നൽകി. നിലവിലുളള അതിദരിദ്രരുടെ 96 റേഷൻ കാർഡുകൾ എ.എ.വൈ വിഭാഗത്തിലേക്ക് മാറ്റി നൽകി.

ആധാറുള്ളതും നിലവിൽ ഒരിടത്തും റേഷൻ കാർഡ് ഇല്ലാത്തതുമായ 10 അതിഥി തൊഴിലാളികൾ ഉൾപ്പെടെ 23 പേർക്ക് റേഷൻ കാർഡനുവദിച്ചു. കിടപ്പു രോഗികൾ, അതിദരിദ്രർ മുതലായവർക്ക് ഓട്ടോ തൊഴിലാളികളുമായി സഹകരിച്ച് സൗജന്യ റേഷൻ വീട്ടിലെത്തിച്ച് നൽകുന്ന ഒപ്പം പദ്ധതി തുടരുന്നു.

താലൂക്കിൽ നിലവിൽ എ.എ.വൈ വിഭാഗത്തിൽ 9468,​ പി.എച്ച്.എച്ച് 63060, എൻ.പി.എസ് 16523, എൻ.പി.എൻ.എസ് 39677 റേഷൻ കാർഡുകളാണുള്ളത്. ആർ.ഡി.ഒ അമൃതവല്ലിയുടെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ ചിറ്റൂർ സർക്കിൾ എഫ്.എസ്.ഒ ഹേമ, പാലക്കാട് സപ്ലെകോ അസി.മാനേജർ മോളി ജോൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.രാമചന്ദ്രൻ, എ.ശശിധരൻ, എസ്.രാജഗോപാലൻ, എം.കെ.മായദേവി തുടങ്ങിയവർ പങ്കെടുത്തു.

നവകേരള സദസിലെ പരാതികളിൽ നടപടി
നവകേരള സദസിൽ 201 നിവേദനം ലഭിച്ചു. ഇവയിൽ നടപടി പുരോഗമിക്കുകയാണ്. 25 എസ്.ടി കാർഡുകൾ എ.എ.വൈ കാർഡ് ആക്കി മാറ്റുന്നതിനും പൊതുവിഭാഗത്തിലുള്ള 1524 കാർഡുകൾ മുൻഗണന കാർഡാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിചിട്ടുണ്ട്. ഗുരുതര രോഗ ബാധിതർക്ക് അടിയന്തര ചികിത്സക്കായി പ്രത്യേക പരിഗണന നൽകി ലിസ്റ്റ് തയ്യാറാക്കി നൽകിയതിൽ 121 മുൻഗണന കാർഡുകൾ അനുവദിച്ചു.

കെ-സ്റ്റോർ ഉദ്ഘാടനം ഇന്ന്

വടകരപ്പതി പഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന കെ-സ്റ്റോർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. നിലവിൽ വടകരപ്പതി, പട്ടഞ്ചേരി, പല്ലശന, നെന്മാറ പഞ്ചായത്തുകളിൽ കെ-സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്.