
വടക്കഞ്ചേരി: മംഗലംപാലം ദേശീയ പാതാ അതോറിറ്റിയുടെ കൈവശ ഭൂമിയിൽ താൽക്കാലിക ഷെഡ് കെട്ടി വർഷങ്ങളായി കച്ചവടം ചെയ്യുന്നവർക്ക് ഭീഷണിയായി കച്ചവടത്തിനെന്ന വ്യാജേന ഷെഡ് കെട്ടി ലക്ഷങ്ങൾ വാങ്ങി വാടകയ്ക്ക് നൽകുന്നവർക്കെതിരെ നടപടി.
കേരള കൗമുദി ഈ വിഷയം ചൂണ്ടി കാട്ടി നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ട പി.പി.സുമോദ് എം.എൽ.എ, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മനുഷ്യാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി കെ.എ.അബ്ദുൾ റസാക്കും ഇടപെട്ട് നടത്തിയ ചർച്ചയിൽ ദേശീയ പാതാ അതോറിറ്റി താൽക്കാലിക പാസുള്ള കച്ചവടക്കാരെ ഒഴിപ്പിക്കില്ലെന്ന് പറഞ്ഞു. അവരുടെ സമ്മത പത്രത്തിൽ ഒപ്പു വയ്ക്കുകയും ചെയ്തു .
മൂന്ന് ഷെഡുകൾ പൊളിച്ചു മാറ്റും
താൽക്കാലിക പാസ് ലഭിക്കാത്തവരും ഷെഡ് കെട്ടി പുറം വാടകയ്ക്ക് നൽകി അമിത വാടക വാങ്ങുന്ന മൂന്ന് ഷെഡുകൾ പൊളിച്ചു മാറ്റുമെന്നും ദേശീയ പാതാ അതോറിറ്റി അധികൃതർ അറിയിച്ചു.
പാസിന് അപേക്ഷിക്കാം
പാസ് ലഭിക്കാത്തവർ പാസിനായി ഓൾ കേരള പീപ്പിൾസ് ഡവലപ്പ്‌മെന്റ് സെന്റർ ചെയർമാൻ കെ.എ.അബ്ദുൾ റസാക്കുമായി ബന്ധപ്പെടണം. വഴിയോര കച്ചവട നിയമം 2014 പ്രകാരം സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് പാസ് വിതരണം ചെയ്യുന്നത്. ഈ വർഷം പാസ് ലഭിച്ചവർക്കെ അടുത്ത വർഷവും പാസുകൾ ലഭിക്കൂ .