
പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സ്പിരിറ്റിന്റെ ഇടത്താവളമായി മാറുകയാണ് കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ. ആന്ധ്ര, കർണാടക, തമിഴ്നാടിന്റെ ഉൾനാടൻ മേഖലകളിൽ നിന്ന് എത്തുന്ന സ്പിരിറ്റ് സൂക്ഷിക്കുന്നത് ഈറോഡ്, സേലം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇവിടെ നിന്നാണ് ആവശ്യാനുസരണം സമയവും സന്ദർഭവും നോക്കി കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്. പുതുവർഷം എത്തിയതോടെ വാളയാർ അതിർത്തി വഴി സ്പിരിറ്റ് കടത്ത് വർദ്ധിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് പ്രവേശിക്കുന്ന അതിർത്തികളിൽ കൂടുതൽ വനമേഖല ഉൾപ്പെടുന്നതിനാൽ പരിശോധന കൂടുതലാണ്. ഈ സാഹചര്യം മുതലെടുത്താണ് സ്പിരിറ്റ് ലോബി വാളയാർ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്പിരിറ്റ് കടത്തുന്നത്. ദേശീയപാത വഴി സാധനം വളരെ വേഗം നിർദിഷ്ട സ്ഥലത്ത് എത്തിക്കാനും കഴിയും. കഞ്ചിക്കോട്ടെ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് വ്യാവസായിക സ്പിരിറ്റ് ആവശ്യമാണ്. ഇതിന്റെ മറവിലും സ്പിരിറ്റ് എത്തുന്നുണ്ട്.
കലക്കുകള്ളിന് മെഥിലേറ്റഡ് സ്പിരിറ്റ്
പന, തെങ്ങ് എന്നിവയിൽ നിന്ന് ലഭിക്കുന്ന ചെത്ത് കള്ളിന്റെ ഉത്പാദനം കുത്തനെ ഇടിഞ്ഞിട്ടും ഷാപ്പുകളിൽ കൃത്യമായി കള്ളെത്തുന്നുണ്ട്. അതിർത്തി മേഖലയിലാണ് കലക്ക് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ പല പ്രദേശങ്ങളിലും വ്യാജ കള്ള് ഉത്പാദിപ്പിക്കാൻ പരിശീലനം ലഭിച്ച പ്രത്യേക സംഘങ്ങളുണ്ട്. ഒരിടത്തെ നിർമ്മാണത്തിന് ശേഷം തൊട്ടടുത്ത കേന്ദ്രത്തിലേക്ക് വ്യാജ കള്ളെത്തും. കള്ള് നിർമ്മാണത്തിന് രാസപദാർത്ഥങ്ങൾ മുതൽ സ്പിരിറ്റ് വരെ എത്തിച്ചുനൽകാൻ പ്രത്യേക ഏജന്റുമാരുണ്ട്. വ്യാവസായിക ആവശ്യത്തിനുള്ള മെഥിലേറ്റഡ് സ്പിരിറ്റാണ് പലയിടത്തും ഉപയോഗിക്കുന്നത്.
അധികൃതർക്ക് മൗനം
കള്ളുഷാപ്പുകളിലും ബാറുകളിലും വ്യാജൻ വിലസുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്നത് പ്രധാനമായും ചിറ്റൂരിൽ നിന്നാണ്. ഇത് ഒരിക്കലും സീൽ ചെയ്യാറില്ലെന്ന് എക്‌സൈസ് അധികൃതർ സമ്മതിക്കുന്നുണ്ട്. ജില്ലയിൽ നിന്ന് തെക്കൻ ജില്ലകളിലേക്കുള്ള കള്ള് ദേശീയപാത അഞ്ചുമൂർത്തി മംഗലത്തും വടക്കൻ ജില്ലകളിലേക്കുള്ളത് പറളിയിലും രേഖപ്പെടുത്തിയാണ് കടത്തിവിടുന്നത്.
എന്നാൽ രേഖപ്പെടുത്തുന്നതല്ലാതെ ശാസ്ത്രീയ പരിശോധനയ്ക്ക് സംവിധാനമില്ല. പല പ്രമുഖ ബ്രാൻഡുകളിലും വ്യാജനാണ് ഒഴുകുന്നത്. എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടും പരിശോധന കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്.