
പട്ടാമ്പി: വർഷങ്ങളായി തുടങ്ങിയ അഞ്ചുമൂലപാലത്തറ ഗേറ്റ് റോഡ് പണി ഇനിയും ഇഴഞ്ഞുനീങ്ങുന്നു. തൃത്താല നിയോജക മണ്ഡലത്തിലെ പരുതൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. മുൻ എം.എൽ.എ വി.ടി.ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും നാല് കോടി രൂപ ചെലവിൽ നവീകരിക്കാൻ ആരംഭിച്ച റോഡാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബൽറാം പരാജയപ്പെട്ടതോടെ റോഡ് പണിയും അവതാളത്തിലായി. അതോടെ ഈ റോഡിൽ കൂടി വാഹന ഗതാഗതം മാത്രമല്ല, കാൽനട യാത്രപോലും ദുഷ്‌ക്കരമായി. ഈ സാഹചര്യത്തിൽ പരുതൂർ ഗ്രാമ പഞ്ചായത്ത് ഭരണകക്ഷി എന്ന നിലയിൽ മുസ്ലിം ലീഗും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവർ അനങ്ങാതെ ഇരുന്നതിനാൽ ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് എ.പി.എം സക്കരിയയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു കൊണ്ട് അതിരൂക്ഷമായ സമരമുറകൾ സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വത്തിലായ റോഡ് പണി വീണ്ടും പുനരാരംഭിക്കുന്നത്.
പൊടി ശല്യം രൂക്ഷം
രണ്ട് കിലോമീറ്റർ റോഡിൽ മുക്കാൽ കിലോ മീറ്ററോളം കട്ടപതിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒന്നേകാൽ കിലോമീറ്റർ സ്ഥലത്തെ അശാസ്ത്രീയമായ ടാറിംഗാണ് ഇപ്പോഴത്തെ പ്രധാന വില്ലൻ. ഒരു വാഹനം കടന്നു പോയാൽ മണിക്കൂറുകളോളം പൊടിയഭിഷേകമാണ് റോഡിൽ. മാസങ്ങളായി ഈ പൊടി ശ്വസിക്കുന്നത് നിരവധി കുട്ടികളാണ് ശ്വാസം തടസവും ചുമയും കാരണം ചികിത്സയിലുള്ളത്. റബറൈസ് ചെയ്യാത്തതും പ്രധാന കാരണമാണ്. ഇതിനൊരു അന്തിമ പരിഹാരം അടിയന്തരമായി സ്വീകരിക്കണമെന്നാണ് യാത്രക്കാരും റോഡിന്റെ ഇരുവശത്തും താമസിക്കുന്നവരും ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇതിനായി ഒരു ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.