
കടമ്പഴിപ്പുറം: ജനങ്ങളുടെ പണം ഉപയോഗിച്ച് ധൂർത്തടിച്ചു നടക്കുന്ന പ്രവർത്തനം മാത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാർ കേരളത്തിൽ ചെയ്യുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസമില്ലാത്ത വാഗ്ദാനങ്ങളിലല്ല ഉറപ്പുള്ള മോദി ഗ്യാരണ്ടിയിലാണ് ജനങ്ങൾ വിശ്വസിക്കുന്നത്. ഇതാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുലാപ്പറ്റ ഉമ്മനഴിയിൽ സംഘടിപ്പിച്ച എൻ.ഡി.എ ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ബി.ജെ.പി പുലാപ്പറ്റ ഏരിയ കമ്മിറ്റി പ്രസിഡന്റ് രാംകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, എൻ.ശിവരാജൻ, പി.വേണുഗോപാൽ, കെ.സുകുമാരൻ, പി.സത്യഭാമ സംസാരിച്ചു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിലൂടെ ഒൻപത് നിർദ്ധന കുടുംബങ്ങൾക്കുള്ള സൗജന്യ ഗ്യാസ് കണക്ഷൻ വിതരണവും സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നവർക്കുള്ള സ്വീകരണവും കെ.സുരേന്ദ്രൻ നിർവഹിച്ചു.