പാലക്കാട്: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി പഞ്ചായത്ത് ജലബഡ്‌ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബഡ്‌ജറ്റ് തയ്യാറാക്കിയത്.
ഓരോ 10 ദിവസത്തെയും ആകെ ജല ലഭ്യതയും ആകെ ജല ആവശ്യവും കണക്കാക്കിയ ശേഷം ഇവയെ താരതമ്യം ചെയ്ത് മിച്ചമാണോ കമ്മിയാണോ എന്ന് കണ്ടെത്തിയാണ് ബഡ്ജറ്റ് തയ്യാറാക്കിയത്. ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തി ജലസ്രോതസുകളുടെ എണ്ണം, ഉപയോഗം, ലഭിക്കുന്ന മഴവെള്ളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ജലബഡ്ജറ്റിൽ ഉൾപ്പെട്ട വിവരങ്ങൾ പഞ്ചായത്തിന്റെ വികസനത്തിനും ജലാധിഷ്ഠിത പ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്തും.
പ്രസിഡന്റ് ലിസി സുരേഷ് പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ.ഹുസനാർ അദ്ധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി 2 റിസോഴ്സ് പേഴ്സൺ വീരാസാഹിബ് ബഡ്ജറ്റ് അവതരിപ്പിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷ രശ്മി ഷാജി, ശശികല, രാധിക, ഫിനോയ് തുടങ്ങിയവർ പങ്കെടുത്തു.