പാലക്കാട്: ഒന്നാംവിള നെല്ലിന്റെ സംഭരണ തുക നൽകുന്നതിന് അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നൽകണമെന്ന് കളക്ടർ ഡോ.എസ്.ചിത്ര ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശിച്ചു. തുക നൽകുന്നതിന് സീനിയോറിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങൾ തടസമാകരുത്.
കർഷകർക്ക് തുക ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ബാങ്കുകൾക്ക് ലീഡ് ബാങ്ക് നിർദേശം നൽകണം. ഒരേ ബാങ്ക് വഴി എല്ലാ തവണയും തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സപ്ലൈകോയ്ക്കും നിർദേശം നൽകി. ഓരോ തവണയും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടി വരുന്നത് കർഷകർക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഉഴവുകൂലിയിൽ ജില്ലാ പഞ്ചായത്ത് വിഹിതം നൽകുന്നതിന് നടപടി ആരംഭിച്ചു. 1,99,06,899 രൂപയുടെ ക്ലെയിം ട്രഷറിയിൽ സമർപ്പിച്ചു. ബ്ലോക്ക് വിഹിതമായി ഇതുവരെ 51,12,055 രൂപ വിതരണം ചെയ്തു. 63.6 ലക്ഷം വിതരണം ചെയ്യുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. പഞ്ചായത്ത് വിഹിതം 1,35,89,637 രൂപ കൃഷി ഭവൻ മുഖേന നൽകിക്കഴിഞ്ഞു. 33,97,375 രൂപയുടെ നടപടി ഉടൻ പൂർത്തിയാകും.
നാളികേര സംഭരണത്തിനും നടപടി
വി.എഫ്.പി.സി.കെയുടെ സഹകരണത്തോടെ സഹകരണ ബാങ്കുകളെയും ഉൾപ്പെടുത്തി പച്ചത്തേങ്ങ/ കൊപ്ര സംഭരണം നടത്താൻ ബാങ്ക് പ്രതിനിധികളുടെ യോഗം ചേരുന്നതിന് ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. കാർഷികാവശ്യത്തിന് പ്രതിദിനം 5000 ലിറ്റർ ഭൂഗർഭജലം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പ്രായോഗികമല്ലെന്നും പരിധി ഉയർത്തുന്നതിന് നടപടിയെടുക്കണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ആവശ്യപ്പെട്ടു. പ്രസ്തുത വിഷയം പരിഹരിക്കുന്നതിനായി ഭൂഗർഭജല വകുപ്പ്, കൃഷി വകുപ്പ്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെയും കർഷകരുടെയും സംയുക്ത യോഗം ഉടൻ ചേരുന്നതിന് ജില്ലാ കളക്ടർ നിർദേശം നൽകി.
തോട്ടം തൊഴിലാളി ആനുകൂല്യം നൽകണം
നെല്ലിയാമ്പതി തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായി കെ.ബാബു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗവും ക്യാമ്പുകളും നടത്തിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ചില തോട്ടം ഉടമകളെ കണ്ടെത്തുന്നതിനായി വനം, റവന്യു വകുപ്പുകളുടെ സഹായം തേടാൻ കളക്ടർ നിർദേശം നൽകി.
നെല്ലിയാമ്പതി തോട്ടം മേഖലയിലും മലമ്പുഴ കള്ളിയാർ എസ്റ്റേറ്റിലും വർഷങ്ങളായി ആനൂകൂല്യം നൽകാത്ത ഉടമകൾക്കെതിരെ കേസ് ഫയൽ ചെയ്ത് തൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് ആനുകൂല്യം ലഭ്യമാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. നെന്മാറ ഡി.എഫ്.ഒ, ചിറ്റൂർ തഹസിൽദാർ എന്നിവർ ഉടമകളെ കണ്ടെത്തുന്നതിനായി ആവശ്യമായ വിവരം ലഭ്യമാക്കണം.
യോഗത്തിൽ സബ് കളക്ടർ ഡോ.മിഥുൻ പ്രേംരാജ്, ആർ.ആർ ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണ, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി ടി.എ.മാധവൻ, ആർ.ഡി.ഒ ഡി.അമൃതവല്ലി, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത തുടങ്ങിയവരും പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
വേനൽ രൂക്ഷമായതിനാൽ വെള്ളിയാങ്കല്ല് റെഗുലേറ്റർ തുറക്കും മുമ്പ് ബന്ധപ്പെട്ട പഞ്ചായത്തുകളെ വിവരമറിയിക്കണം.
മീങ്കര ഡാമിൽ കൂടുതൽ ജലം ലഭ്യമാകുന്ന മുറയ്ക്ക് കൃഷിയാവശ്യത്തിനായി തുറന്നുനൽകും.
പട്ടാമ്പി നിള ഐ.പി.ടി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പൊലീസിനെ ചുമതലപ്പെടുത്തി.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റ് മാറ്റുന്ന പ്രവർത്തനങ്ങൾ കെ.എസ്.ഇ.ബി 45 ദിവസത്തിനകം പൂർത്തീകരിക്കണം
കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പ്രദേശങ്ങളിൽ താമസിക്കുന്ന 150 കുടുംബങ്ങളുടെ കൈവശ ഭൂമിക്ക് ജോയിന്റ് വെരിഫിക്കേഷൻ നടത്താൻ മിനി സർവേ ടീമിനെ രുപീകരിക്കും.
പറമ്പിക്കുളം- ആളിയാർ ഡാമിൽ നിന്ന് കേരളത്തിന് രണ്ടാംവിളയ്ക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ തമിഴ്നാട് ചീഫ് എൻജിനീയർക്കും കേരള ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി. അഞ്ച് ടി.എം.സി ജലം അനുവദിക്കണമെന്നാണ് ആവശ്യം.