കൊല്ലങ്കോട്: ഊട്ടറ അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് വർണ്ണാഭവമായി ആഘോഷിച്ചു. ശനിയാഴ്ച്ച പുലർച്ചെ ഗണപതി ഹോമത്തോടെ ഉത്സവ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ആചാര വിധിയോടെ പൂജാകർമ്മങ്ങളും നടന്നു. ഉഷപൂജ, ലക്ഷാർച്ചന, കലശപൂജ ശീവേലി, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, പ്രസാദ ഊട്ട് എന്നിവയുണ്ടായി.
വൈകിട്ട് മുതലിയാർകുളം ഗണപതി ക്ഷേത്രത്തിൽ നിന്ന് വാദ്യഘോഷം, കലാരൂപങ്ങൾ, ബാൻഡ് മേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ മൂന്ന് ഗജവീരന്മാർ അണിനിരന്ന പാലക്കൊമ്പ്, പതിനെട്ടാം പടി എഴുന്നള്ളിപ്പ് നടന്നു.
എഴുന്നള്ളിപ്പ് പുലിക്കോട് അയ്യപ്പ ക്ഷേത്രം വഴി ഊട്ടറ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന് രാത്രി ഗാനമേളയും ഉടുക്കടി അയ്യപ്പൻ പാട്ട്, വേട്ടവിളി എന്നിവയും നടന്നു.