
ചിറ്റൂർ: ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നാട്ടുകല്ലിലെ എല്ലുപൊടി കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകരുതെന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് നാലാം വാർഡ് പ്രത്യേക ഗ്രാമസഭ ഐക്യകണ്‌ഠേന തീരുമാനിച്ചു.
നാട്ടുകൽ ബ്ലോക്ക് പഞ്ചായത്ത് മണ്ഡപത്തിൽ ചേർന്ന പ്രത്ര്യേക ഗ്രാമസഭയിൽ വാർഡിലെ നിരവധി പേർ പങ്കെടുത്തു. വർഷങ്ങളായി എല്ലുപൊടി കമ്പനിയിൽ നിന്നുള്ള മലിനീകരണം മൂലം ജനങ്ങൾ ദുരിതത്തിലാണ്, ദുർഗന്ധം നാടിനെ തന്നെ തകർത്തു. പകർച്ച വ്യാധികളും ജീവിത ശൈലീരോഗങ്ങളും വ്യാപകമായി. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. മലിനീകരണ ബോർഡ് അധികൃതരുടെ പരിശോധനയിൽ മതിയായ സംവിധാനം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസമായി കമ്പനി അടച്ചുപൂട്ടിയിരുന്നു.
നാട്ടുകാർ പഞ്ചായത്തിൽ നൽകിയ അപേക്ഷയിലാണ് പ്രത്യേക ഗ്രാമസഭയോഗം ചേർന്നത്. നാട്ടുകാർ അനുഭവിക്കുന്ന ദുരിതം പ്രമേയമായാണ് ഗ്രാമസഭയിൽ അവതരിപ്പിച്ചത്. ഇത് സഭ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു. വാർഡംഗം കെ.തങ്കവേലു അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ, സെക്രട്ടറി എ.മേരി ബിബിയാന, കെ.ശിവൻ, അശോക് കുമാർ, മോഹനൻ എന്നിവർ സംസാരിച്ചു.