
തച്ചമ്പാറ: പഞ്ചായത്തിലെ വട്ടപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാര - വൈദ്യുതി ഉത്പാദന സാധ്യതകൾ തുറക്കുന്നു. ജില്ലാ പഞ്ചായത്ത് സംരംഭമായ പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനിയാണ് മീൻവല്ലത്തിന്റെ സാധ്യതകൾ ഉപയുക്തമാക്കുന്നത്. കൂടുതൽ ചെറുകിട പദ്ധതികൾ ജില്ല പഞ്ചായത്ത് ഏറ്റെടുക്കാനും ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വട്ടപ്പാറയിലും പദ്ധതി ആസൂത്രണം ചെയ്യുന്നത്.
പാലക്കയം പ്രദേശത്ത് വന ഭൂമിയോട് ചേർന്നാണ് വട്ടപ്പാറ വെള്ളച്ചാട്ടം. വേനൽ കാലത്തും ഇവിടെ വെള്ളത്തിന് കുറവില്ല. പദ്ധതിയുടെ പ്രാരംഭ നടപടിക്ക് മുമ്പ് വട്ടപ്പാറ പ്രദേശത്തെ 17 പേർക്ക് ഭൂമിയുടെ കൈവശ രേഖ നൽകുന്നതിന് ഭൂ സർവേ അടക്കമുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ടൂറിസം - വൈദ്യുത പദ്ധതിയുടെ സാദ്ധ്യതകൾ കെ.ശാന്തകുമാരി എം.എൽ.എയുടെ നേതൃത്വത്തിലുള്ള പഠനസംഘം പരിശോധിച്ചിരുന്നു.
പാലക്കയം വില്ലേജ് ഓഫിസ് പരിധിയിലെ ഈ ഭാഗത്തേക്കുള്ള റോഡ് വീതി കൂട്ടി നവീകരിക്കണം. പ്രകൃതിക്ക് കോട്ടം തട്ടാത്ത കൂടുതൽ വികസന പദ്ധതികൾ നടക്കേണ്ടതുണ്ട്.
മലകളും വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ മേഖലയിൽ ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും ടൂറിസത്തിനും മികച്ച സാദ്ധ്യതയാണുള്ളത്. ചെറുകിട ജല വൈദ്യുത പദ്ധതിയായ മീൻവല്ലം മാതൃകയിൽ വട്ടപ്പാറയിലും ജല വൈദ്യുത പദ്ധതിയുടെ സാദ്ധ്യത സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.
-കെ.ശാന്തകുമാരി എം.എൽ.എ.