
നാളെ മുതൽ ഭാരതപ്പുഴ ലിങ്ക് ലൈൻ വഴി
ഷൊർണൂർ: തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്സ്‌പ്രസ് നാളെ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കില്ല. ഷൊർണൂർ സ്പർശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈൻ വഴി ഒറ്റപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടാനുള്ള തീരുമാനം നാളെ പുതുവർഷം മുതൽ റെയിൽവെ നടപ്പാക്കും.
ഷൊർണൂരിൽ സ്റ്റോപ്പില്ലാതാവുന്ന ശബരി വടക്കാഞ്ചേരിയിൽ നിറുത്താനാണ് തീരുമാനം. ഷൊർണൂരിന് ശബരി നഷ്ടമാവുന്നത് മലബാറിലെ നൂറ് കണക്കിന് യാത്രക്കാരെ സാരമായി ബാധിക്കും. സമയ ലാഭത്തിന്റെ പേരിലാണ് ഷൊർണൂരിനെ തഴയുന്നത്. ഇതോടെ മലബാറിലെ യാത്രക്കാർക്ക് ഒരു ദീർഘദൂര ട്രെയിൻ കൂടി നഷ്ടമായി.
ശബരി ഷൊർണൂരിനെ ഒഴിവാക്കി ഓടുമെന്ന ഉത്തരവ് ഒരു മാസം മുമ്പ് തന്നെ റെയിൽവേ പുറത്ത് വിട്ടിരുന്നു. എന്നിട്ടും ജനപ്രതിനിധികൾ പോലും ഇതിനെതിരെ കാര്യമായ രീതിയിൽ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല. ഒരു പ്രധാന രാഷ്ട്രീയ സംഘടന മാത്രം കഴിഞ്ഞ ദിവസം ഇതിനെതിരെ റെയിൽവെ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു.
ഷൊർണൂരിന്റെ നഷ്ടം 20ൽ അധികം ദീർഘ ദൂര ട്രെയിനുകൾ
ഇരുപതിൽപരം ദീർഘദൂര ട്രെയിനുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഷൊർണൂരിനോട് വിട പറഞ്ഞു. ശബരിയടക്കം പല പ്രധാന ട്രെയിനുകളും ഷൊർണൂരിനോട് വിട പറയുമ്പോൾ ജംഗ്ഷൻ സ്റ്റേഷന്റെ പ്രാധാന്യം കുറയുകയാണ്. ഇതിനിടെ പുരോഗമിക്കുന്ന 29 കോടിയുടെ അമൃത് സ്റ്റേഷൻ പദ്ധതി എന്തിനാണെന്ന ചോദ്യവും യാത്രക്കാർ പ്രതിഷേധത്തോടെ ഉന്നയിക്കുന്നു.
തൃശൂർ- കോഴിക്കോട് എക്സ്‌പ്രസ്
ഇനി ഷൊർണൂർ- കോഴിക്കോട്
ശബരിക്ക് പുറമെ തൃശൂർ- കോഴിക്കോട് റൂട്ടിലോടുന്ന വൈകിട്ടത്തെ സ്പെഷ്യൽ എക്സ്‌പ്രസ് തൃശൂരിനും ഷൊർണൂരിനുമിടയിലെ സർവീസ് നിറുത്തലാക്കുകയാണ്. പകരം ഷൊർണൂർ- കോഴിക്കോട് റൂട്ടിൽ മാത്രമാകും യാത്ര. ഇത് സംബന്ധിച്ച റെയിൽവേ ഉത്തരവ് പുറത്തിറങ്ങി. ഇത് തൃശൂർ- കോഴിക്കോട് റൂട്ടിലെ സ്ഥിരം യാത്രക്കാർക്ക് വലിയ ആഘാതമാകും. ഈയിടെ സമയം വൈകിപ്പിച്ച കണ്ണൂർ- എക്സിക്യൂട്ടീവ് എത്തുന്നത് വരെ യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വരും. ഈ മാറ്റവും ഉടൻ നടപ്പാക്കും.