p

പാലക്കാട്: തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കാൻ തായ്യാറെടുത്ത് തദ്ദേശ വകുപ്പ്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിലമൊരുക്കാൻ സംയുക്തപദ്ധതി തയ്യാറാക്കുകയാണ് അധികൃതർ. ഗ്രാമപ്രദേശങ്ങളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും നഗരസഭകളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തിയാവും തരിശുനിലങ്ങൾ കൃഷി ഭൂമിയാക്കി മാറ്റുക.

നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ജോലി ചെയ്യാറുണ്ടെങ്കിലും സ്ഥലം കണ്ടെത്താൻ പ്രയാസമാണ്. പഞ്ചായത്തുകൾ മുൻകൈയെടുത്ത് ചിലയിടങ്ങളിൽ നിലമൊരുക്കാറുണ്ടെങ്കിലും കൃഷി നടത്തുന്നവർ കുറവാണ്. ഇതിനാൽ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും കർഷക കൂട്ടായ്മകളും ചേർന്ന് ഇടപെടുന്ന വിധത്തിലുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം ഫണ്ട് വകയിരുത്തും.

പാടശേഖര സമിതികൾ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കും. കൃഷിക്കും കാർഷികാനുബന്ധ പദ്ധതികൾക്കും രൂപം നൽകാൻ സർക്കാർ വകുപ്പുകളുടെയും സംഘടനകളുടെയും ഉടമസ്ഥതയിലുള്ള നിലങ്ങളും കണ്ടെത്താം.

ഉടമസ്ഥന് കൃഷി ചെയ്യാൻ താത്പര്യമില്ലെങ്കിൽ മറ്റ് കർഷകർക്കോ കർഷക കൂട്ടായ്മകൾക്കോ ഉടമസ്ഥന്റെ അനുവാദത്തോടെ സ്ഥലം കൃഷിക്കായി നൽകാം. കാർഷികോത്പന്നങ്ങൾ അടിസ്ഥാനമാക്കിയുള്ള മൂല്യവർധിത സംരഭങ്ങൾ തുടങ്ങാൻ പ്രത്യേകം പദ്ധതികളും തയ്യാറാക്കും. എല്ലാ പദ്ധതികൾക്കും സഹായവും സബ്സിഡിയും ഉറപ്പുവരുത്തണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.