പാലക്കാട്: തിരക്കേറിയ സ്റ്റേഡിയം സ്റ്റാൻഡിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ജില്ലയിലെ ഏറ്റവും വലിയ സ്വകാര്യ ബസ് സ്റ്റാൻഡ് ആയിട്ടും സൗകര്യങ്ങളുടെ പരിതിമിയിലും ജനത്തിരക്കിലും വീർപ്പുമുട്ടുകയാണിവിടം. ഇതിനിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും വലിയ തലവേദനയാണ്.
നിർമ്മാണം പൂർത്തിയാക്കി ഒന്നരപ്പതിറ്റാണ്ടു പിന്നിടുമ്പോഴും ആവശ്യത്തിന് വെളിച്ച സംവിധാനമോ, വിശ്രമ- പ്രാഥമിക സൗകര്യമോ ഇവിടെയില്ല.
അനുദിനം സ്റ്റാൻഡിലെത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇരുവശങ്ങളിലുമായി ഏകദേശം മുപ്പതോളം ട്രാക്കുകളിലായാണ് ബസുകൾ നിറുത്തിയിടുന്നത്. സ്റ്റാൻഡ് വഴി കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും ടൗൺ- സിറ്റി ബസുകളും ഇതിനുപുറമേയാണ്. കൊഴിഞ്ഞാമ്പാറ, വാളയാർ, കൊല്ലങ്കോട്, ചിറ്റൂർ, മണ്ണാർക്കാട്, കോഴിക്കോട്, നിലമ്പൂർ, തൃശൂർ, നെന്മാറ, പഴയന്നൂർ, പെരിങ്ങോട്ടുകുറുശി, കോയമ്പത്തൂർ, പൊള്ളാച്ചി ബസുകൾക്ക് പുറമെ മലമ്പുഴ, റെയിൽവേ കോളനി, കൊട്ടേക്കാട് ബസുകളും സ്റ്റേഡിയം സ്റ്റാന്റിലെത്തുന്നുണ്ട്. പ്രവൃത്തി ദിനങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും ജോലിക്കാരുമൊക്കെയെത്തുന്ന സ്റ്റാൻഡിനകത്ത് ഇവരുടെയൊക്കെ സുരക്ഷ കടലാസിലാണ്.
സുരക്ഷയ്ക്ക് ആകെയുള്ളത് എയ്ഡ് പോസ്റ്റ് മാത്രം
നൂറുക്കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോവുന്ന സ്റ്റാൻഡിൽ നിരീക്ഷണ കാമറ അത്യന്താപേക്ഷിതമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആകെയുള്ളത് സ്റ്റാൻഡിനകത്തെ പൊലീസ് എയ്ഡ് പോസ്റ്റ് മാത്രമാണ്. സ്റ്റാൻഡിനകത്തെ ചില കടകളിൽ മാത്രമാണ് സി.സി.ടി.വികളുള്ളത്.
സ്റ്റാൻഡിനകത്ത് എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ പൊലീസുകാർക്ക് തെളിവ് ശേഖരണത്തിന് കാമറകൾ സ്ഥാപിച്ച
സ്ഥാപനങ്ങളെ ആശ്രയിക്കണം. സ്റ്റാൻഡിനകത്ത് കാമറകൾ സ്ഥാപിക്കുകയും ഇത് എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടി പൊലീസുകാരുമായും സൗത്ത് പൊലീസ് സ്റ്റേഷനുമായും കണക്ട് ചെയ്താൽ മുഴുവൻ സമയവും ബസ് സ്റ്റാൻഡ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാവും.
രാത്രി സുരക്ഷിതമല്ല
സന്ധ്യമയങ്ങുന്നതോടെ ഇവിടുത്തെ സുരക്ഷ അവതാളത്തിലാണ്. സമീപത്ത് ഒഴിഞ്ഞ പ്രദേശങ്ങളുള്ളതിനാൽ സ്റ്റാൻഡും പരിസരവും രാപകൽ ഭേദമന്യേ മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാര കേന്ദ്രം കൂടിയാണ്. സന്ധ്യമയങ്ങിയാൽ സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്. സമീപത്ത് പുതിയ ടെർമിനൽ നിർമ്മാണവും നടന്നുവരികയാണ്. സ്റ്റാൻഡിൽ കാമറ സ്ഥാപിക്കേണ്ടതിൽ നഗരസഭാ ഇടപെടൽ അത്യന്താപേക്ഷിതമാണ്. പാലക്കാട് ഐ പദ്ധതിയുടെ ഭാഗമായി നഗര കവലകൾ മുഴുവൻ കാമറക്കണ്ണിലാവാനൊരുങ്ങുമ്പോൾ സ്റ്റേഡിയം സ്റ്റാൻഡും കാത്തിരിക്കുകയാണ് കാമറകൾ സ്ഥാപിക്കുന്ന നാളുകൾക്കായി.