d

പാലക്കാട്: സംസ്ഥാനത്ത് കാർഷിക മേഖലയും ഹൈടെക്കാവുമ്പോൾ ഇനി മുതൽ കൃഷിയിടങ്ങൾക്ക് മുകളിലൂടെ
വളപ്രയോഗത്തിനും കീടബാധ പ്രതിരോധത്തിനും ഡ്രോണുകൾ പറക്കും. ജില്ലയിലെ പാടശേഖരങ്ങളിൽ വളമിടുന്നതിനായി ഡ്രോണുകൾ സജീവമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ് കർഷകർ.

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡ്രോണുകളുപയോഗിച്ച് വളം തളിക്കുന്നത്. കർഷകർക്കായി കൃഷിയിടങ്ങളിൽ ഡ്രോണുകളുപയോഗിച്ച് വളം തളിക്കുന്ന രീതിയും പരിചയപ്പെടുത്തുന്നുണ്ട്. നിലവിൽ സൂക്ഷ്മമൂലകം സമ്മിശ്രമായ 'സമ്പൂർണ്ണ"യാണ് ഡ്രോൺ വഴി പാടശേഖരങ്ങളിൽ തളിക്കുന്നത്. ഡ്രോൺ വഴിയുള്ള വളം തളിക്കലിലൂടെ കർഷകർക്ക് സാമ്പത്തിക ലാഭമുണ്ടാകും. മാത്രമല്ല വളപ്രയോഗവും കീടരോഗ നിയന്ത്രണത്തിനുള്ള മരുന്നു തെളിയുമെല്ലാം സുഗമമാകും. ഇതിനു പുറമെ കാർഷിക വിളകൾക്ക് മതിയായ അളവിൽ കൃത്യസമയത്ത് മൂലകങ്ങളും എത്തിക്കാനാകുമെന്നതിനാൽ കർഷകർക്കും ആശ്വാസകരമാണ്.

കൃഷിയിടങ്ങളിലെ വിളവ് വർദ്ധിപ്പിക്കാനും വളം പാഴായിപ്പോകുന്നത് കുറയ്ക്കാനും ഇത്തരം രീതികൾ സഹായകമാകും. ഏതുതരം വിളകളാണെങ്കിലും അവയുടെ ആരോഗ്യം, മണ്ണിന്റെ ഈർപ്പം, ഇതര ഘടകങ്ങൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ
നൽകാനും ഡ്രോണുകൾക്കാവും.

വന്യമൃഗ ശല്യവും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷി ഏറെ പ്രതിസന്ധി നേരിടുന്ന കാലത്ത് ചിലവുകുറഞ്ഞ കൃഷി മാതൃകകൾക്കായി ഡ്രോണുകൾ അടക്കമുള്ള സാങ്കേതിക വിദ്യ ലഭ്യമാകുന്നത് കർഷകർക്ക് ആശ്വാസമാകുകയാണ്.

കാർഷിക മേഖലയിൽ സാദ്ധ്യതകളേറെ
കാർഷിക ഡ്രോണുകളെപ്പറ്റി കർഷകരെ ബോധവാൻമാരാക്കാനും മതിയായ പരിശീലന പരിശീലനം നൽകാനും കൃഷി വകുപ്പിന് പദ്ധതിയുണ്ട്. കാർഷിക മേഖലയിൽ സോളാർ പമ്പ് സെറ്റുകളുടെ ഉപയോഗം പോലെ മരുന്നു തളിക്കായി ഡ്രോണുകളും കൂടിയെത്തുന്നത് മാറ്റങ്ങളേറെയുണ്ടാകും. കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്ന പദ്ധതി അയിലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. നാനോ യൂറിയയും സൂക്ഷ്മ സസ്യ വളർച്ചാ
പ്രേരകങ്ങളും ഉൾപ്പെടുന്ന ലായനി ഡ്രോണുകളുപയോഗിച്ച് പരീക്ഷണ തളിക്കൽ നടത്തിയത്. അരലിറ്റർ നാനോ
യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഒരേക്കർ പാടത്ത് മിനിറ്റുകൾക്കകം തെളിക്കാനാവും.

കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ നെൽപാടങ്ങളിൽ ഉപയോഗിക്കാനായി എത്തിച്ചിട്ടുള്ളത്. കർഷകർക്ക് ആവശ്യമെങ്കിൽ നേരിട്ട് മണിക്കൂറിന് 500 രൂപ നിരക്കിൽ ഡ്രോണുകൾ നൽകും.