agri

വിലയിടിവിൽ വലഞ്ഞ് റബ്ബർ കൃഷി

പാലക്കാട്: രാജ്യത്ത് ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ റബർ വിലയിടിവിനെ ചൊല്ലിയായിരുന്നു 2023ൽ കാർഷിക മേഖലയിലെ പ്രധാന പോര്. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം മൂലം റബർ ഉല്പാദനം ഗണ്യമായി കുറയുകയും ചെയ്തതോടെ കൃഷി കൃഷി ഉപേക്ഷിക്കാൻ പലരും നിർബന്ധിതമാകുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്.

ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 200 രൂപ ചെലവ് വരുമ്പോൾ മാസങ്ങളായി റബർ വില 150ൽ താഴെ നിൽക്കുകയാണ്. . കിലോക്ക് 250 രൂപ താങ്ങുവില നൽകുമെന്ന ഇടതു മുന്നണി പ്രകടനപത്രികയിൽ പ്രഖ്യാപിച്ചുവെങ്കിലും ആദ്യം നൽകിയ 150 രൂപ ഇപ്പോൾ 170 രൂപയിൽ എത്തിയിട്ടേയുള്ളൂ. ഇത് തന്നെ പലർക്കും വൻ കുടിശികയുമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉല്പാദനം കുറഞ്ഞതും റബർ കൃഷിയെ ആശങ്കയുടെ നിഴലിലാക്കുന്നു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ഉത്പാദനം കൂടിയപ്പോൾ കേരളത്തിൽ കുറയുകയാണ്. ആസിയാൻ കരാറോടെ റബർ ഇറക്കുമതി കൂടിയതു പോലെ റബർ നിയമത്തിൽ വരുത്തുന്ന മാറ്റം ദോഷം ചെയ്യുക പ്രധാനമായും കേരളത്തെയായിരിക്കും. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, വടക്കഞ്ചേരി മേഖലയിലാണ് പ്രധാനമായും റബർ കൃഷിയുള്ളത്. കുടിയേറ്റ കാ‌‌ർഷിക മേഖല നിലവിൽ റബ‌ർ കൃഷിയിൽ നിന്നുമാറി മറ്റ് നാണ്യവിളകളിലേക്കും നൂതന കൃഷി സംരംഭങ്ങളിലേക്കും ചുവടുറപ്പിക്കുകയാണ്.

കാടിനോട് ചേർന്നു വർഷങ്ങളായി കൃഷി ചെയ്തു വന്നവർ ബഫർ സോണിൽ കുടുങ്ങികിടക്കുന്നു. മലയോര മേഖലകളിൽ കാട്ടുമൃഗങ്ങളുടെ ശല്യവും വർദ്ധിക്കുന്നു. ജീവനു ഭീഷണിയും വൻ കൃഷിനാശവും കാട്ടുമൃഗങ്ങൾ വരുത്തിയിട്ടും പരിഹാരം അകലുകയാണ്.

സംഭരണ തുകയിൽ പാളി നെൽകൃഷി

നെൽമേഖലയിലെ പ്രതിസന്ധി രൂക്ഷമായ വർഷമാണ് കടന്നുപോകുന്നത്. സപ്ലൈക്കോ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന് മാസങ്ങളായിട്ടും പണം ലഭിക്കാത്തവർ നിരവധിയാണ്. വെള്ളപ്പൊക്കവും വരൾച്ചയും രോഗവും വന്യമൃഗശല്യവും ചേർന്ന കൃഷി നാശങ്ങൾക്ക് പുറമേയാണ് നെല്ലിന്റെ പണത്തിനായുള്ള കാത്തിരിപ്പ്. സ്വകാര്യമില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാനും കഴിഞ്ഞിട്ടില്ല.

പ്രകൃതി ക്ഷോഭങ്ങളോടും പാലക്കാട് ജില്ലയിലെ രൂക്ഷമായ വരൾച്ചയോടും മത്സരിച്ച് കൃഷി ഒരുക്കുന്ന കർഷകർക്ക് സംരക്ഷണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. ക‌ർഷക സംഘടനകൾ ശക്തമായ സമരം സംഘടിപ്പിക്കുകയും പാലക്കാട് ജില്ലയിലെ നവകേരള സദസ് വേദികളിലടക്കം സംഭരണ വില സംബന്ധിച്ച വിഷയം മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിക്കുയും ചെയ്തെങ്കിലും ശക്തമായ നടപടികളോ സഹായമോ ഇനിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് കർഷക‌ർ ആരോപിക്കുന്നു. ഈ പ്രതിസന്ധിയെല്ലാം നെൽ ഉത്പാദന കുറവിന് പുറമേ അരി വിലക്കയറ്റത്തിനും വഴിയൊരുക്കും. നെൽകൃഷിയുടെ ഭാവി തീർത്തും ശോഭനമല്ലെന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്.

വില കൂടിയിട്ടും തേങ്ങ സംഭരണം പാളി

പച്ചത്തേങ്ങ സംഭരണത്തിലെ പ്രതിസന്ധിക്ക് അയവുവരാതെയാണ് 2023 കടന്നുപോയത്. ഉല്പാദനക്കുറവ് മൂലം പൊതുവിപണിയിൽ തേങ്ങ വില ഉയർന്നപ്പോഴും കർഷകന് മതിയായ നേട്ടം ലഭിച്ചില്ല. വി.എഫ്.പി.സി.കെ വഴി സർക്കാർ നടത്തുന്ന സംഭരണത്തിൽ സമിതികൾക്ക് കൈകാര്യച്ചെലവ് ലഭിക്കാത്തതിനാലാണ് പലപ്പോഴും സംഭരണം അവതാളത്തിലായത്.

വി.എഫ്.പി.സി.കെ സമിതികൾ കർഷകരിൽ നിന്ന് സംഭരിച്ചിരുന്ന പച്ചത്തേങ്ങ ഇതുവരെ കേരഫെഡിനാണ് നൽകിയിരുന്നത്. കേരഫെഡ് വഴി കൈകാര്യച്ചെലവ് നൽകുമെന്നായിരുന്നു വ്യവസ്ഥ. സർക്കാർ പണം അനുവദിക്കാതായതോടെ കൈകാര്യച്ചെലവ് കുടിശികയായി.

ഉത്പാദനം കുറയുന്നതാണ് തേങ്ങ വില ഉയരാൻ കാരണം. മഴക്കുറവ് മൂലം ഈ വർഷം വലിയ ഉത്പാദക്കുറവുണ്ടാകാനാണ് സാദ്ധ്യതയെന്ന് വിലയിരുത്തലുണ്ട്. കാലവർഷം കാലം തെറ്റിയതോടെ തെങ്ങുകളിൽ മച്ചിങ്ങയുണ്ടാകുന്നത് പാതിയിൽ താഴെയായി. കൂലിച്ചെലവും വളം വിലയും വർദ്ധിച്ചതോടെ മിക്ക കർഷകർക്കും വേണ്ട രീതിയിൽ തെങ്ങ് പരിപാലിക്കാത്തതും ഉത്പാദനക്കുറവിന് ഇടയാക്കും.