transformer
ചാലിപ്പുറത്തെ ട്രാൻസ്‌ഫോർമറും സമീപത്തെ അപകടാവസ്ഥയിലുള്ള മാവും

പട്ടാമ്പി: സംസ്ഥാന പാതയിൽ വാവന്നൂരിനും കട്ടിൽമാടത്തിനും മദ്ധ്യേ ചാലിപ്പുറത്തെ അപകടം പതിയിരിക്കുന്ന ട്രാൻസ്‌ഫോർമറും അതിലേക്ക് ഏതുനിമിഷവും വീഴാനായി നിൽക്കുന്ന ഭീമൻ മാവും യാത്രക്കാർക്ക് ഭീഷണിയാകുന്നു.

ഏത് നിമിഷവും കടപുഴകിയോ ഭീമൻ ശിഖരങ്ങൾ പൊട്ടിവീണോ മാവും അതിനോട് ചേർന്ന് നിൽക്കുന്ന ട്രാൻസ്‌ഫോർമറും കമ്പികളും റോഡിലേക്ക് വീഴാനുളള സാദ്ധ്യത കൂടുതലാണ്. വിളിപ്പാടകലെയുളള നാഗലശേരി ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇതുവഴിയാണ് വന്നുപോകുന്നത്. വാവന്നൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ നൂറുകണക്കിന് വിദ്യാർത്ഥികളും ആശ്രയിക്കുന്നത് തിരക്കേറിയ ഈ പാതയെയാണ്.

സമീപത്തെ ടാക്സി ഡ്രൈവർമാർ അപകട സാദ്ധ്യത നാഗലശേരി പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പഞ്ചായത്ത് കെ.എസ്.ഇ.ബിയെയും അവർ പൊതുമരാമത്ത് വകുപ്പിനെയും കാര്യമറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. താലൂക്ക് അദാലത്തിലും നവകേരള സദസിലും പരാതി നൽകിയിട്ടും പരിഹാരം കാണാൻ അധികൃതർക്കും ജനപ്രതിനിധികൾക്കുമായില്ല.