ഷൊർണൂർ: ആൾ താമസമില്ലാതെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഗണേഷ് ഗിരി റെയിൽവെ കോളനിയിലെ നൂറുകണക്കിന് വീടുകളിലെ ജനലുകളും വാതിലുകളും മേൽക്കൂരയിലെ തേക്കുപയോഗിച്ച് നിർമ്മിച്ച മര ഉരുപ്പിടികളും ചിതലരിച്ച് നശിക്കുന്നു. റെയിലുകളും ഇരുമ്പ് പട്ടകളും ഉപയോഗിച്ചുള്ള വീട് നിർമ്മാണ സാമഗ്രികൾ തുരുമ്പെടുത്തും നശിക്കുകയാണ്.
ആയിരത്തിലധികം വീടുകൾ തിങ്ങിനിറഞ്ഞ ഗണേഷ് ഗിരി റെയിൽവെ കോളനിയിൽ ഇന്ന് ഒന്നിൽ പോലും ആൾ താമസമില്ലാതെ ഇടിഞ്ഞുതകർന്നും വഴികൾ കാടുകയറിയും ജീർണ്ണാവസ്ഥയിലാണ്. തേക്കിൻ തടികൾ ഉപയോഗിച്ച് നിർമ്മിച്ച ജനലുകൾ, വാതിലുകൾ, കട്ടിളകൾ, മേൽക്കൂരയിലെ പട്ടിക, കഴുക്കോൽ, ഉത്തരങ്ങൾ തുടങ്ങിയവയെല്ലാം നശിച്ചു കൊണ്ടിരിക്കുന്നു. ഇരുമ്പ് റെയിലുകൾ, പട്ടകൾ തുടങ്ങി ഇരുമ്പ് ഉരുപ്പടികളും തുരുമ്പെടുത്തു. കൂടാതെ ഓടുകൾ തുടങ്ങിയവയും ദിനംപ്രതി തകർന്ന് വീണ് നശിച്ചു കൊണ്ടിരിക്കുന്നു.
ഒരു സമയത്ത് ഒറ്റ വീടുകൾ പോലും ഒഴിവില്ലാതെ ജനവാസ കേന്ദ്രമായിരുന്ന ഗണേഷ് ഗിരി കോളനി ഇന്ന് വീടുകളുടെ ശവപ്പറമ്പായി മാറിക്കഴിഞ്ഞു.
കഞ്ചാവ് മാഫിയകളുടെയും മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ് നിലവിൽ ഈ പ്രദേശം. സമീപത്തെ താമസക്കാർക്കും ഗണേഷ് ഗിരിയിലെ രണ്ട് ക്ഷേത്രങ്ങളിലേക്ക് വരുന്നവർക്കും ഭീതിയുയർത്തുകയാണ് പൊന്തക്കാടുകൾ. പന്നികളും മുള്ളൻപന്നികളും നായകളും ഇടിഞ്ഞുതകർന്ന വീടുകൾ താവളമാക്കുന്നുണ്ട്.
വരുമോ ഒരു റെയിൽവേ മെഡി.കോളേജ്
ഏക്കർ കണക്കിന് വിസ്തൃതിയുള്ള കോളനി പ്രദേശം റെയിൽവെയുടെ വികസന കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. റെയിൽവെ മെഡിക്കൽ കോളേജ് തുടങ്ങിയ വൻകിട പദ്ധതികൾക്ക് ഗണേഷ് ഗിരി പ്രദേശം ഉപയോഗിക്കാനാവും. ഇതിനായി നിരവധി നിവേദനങ്ങളും റെയിൽവെ അധികൃതർക്ക് വിവിധ സംഘടനകളും നാട്ടുകാരും സമർപ്പിച്ചിട്ടുണ്ട്.
ജനപ്രതിനിധികൾ ഇക്കാര്യം ശക്തമായി ഏറ്റെടുത്താൽ നടപ്പാവാൻ സാദ്ധ്യതയുണ്ട്. കേരളത്തിൽ തന്നെ റെയിൽവേക്ക് ഏറ്റവും കൂടുതൽ സ്ഥലമുള്ള ജംഗ്ഷനാണ് ഷൊർണൂർ. മധ്യകേരളത്തിൽ റെയിൽവേക്ക് ഒരു മെഡിക്കൽ കോളേജ് വന്നാൽ റെയിൽവെ സംമ്പന്ധമായ അപകടങ്ങളിൽപ്പെടുന്നവർക്ക് ജീവൻ രക്ഷാ കേന്ദ്രമാകും ഷൊർണൂർ.