manpara
മാൻപാറ വ്യൂപോയിന്റ്

നെല്ലിയാമ്പതി: വിനോദ സഞ്ചാരികൾക്ക് മുന്നിൽ അടഞ്ഞുകിടക്കുന്ന മാൻപാറ വ്യൂപോയിന്റ് പുതുവർഷത്തിൽ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതിക്കാർ. പശ്ചിമഘട്ട മലനിരകളിലെ ഉയരം കൂടിയ ഈ ഭാഗത്തുനിന്ന് പാലക്കാട് ജില്ലയിലെയും തമിഴ്നാട്ടിലെയും വിദൂര കാഴ്ചകൾ കാണാൻ കഴിയുമെന്നതിനാൽ നിരവധി സഞ്ചാരികളാണ് മാൻപാറയിലേക്ക് ജീപ്പ് യാത്ര നടത്തിയിരുന്നത്. നിരവധി സിനിമകൾക്ക് ലൊക്കേഷൻ കൂടിയായിരുന്ന ഈ ഭാഗം ഏറെ പ്രശസ്തവുമാണ്.
അയൽ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തിനകത്തു നിന്നും നെല്ലിയാമ്പതി എത്തുന്നവർ കണ്ടിരിക്കേണ്ട സ്ഥലമെന്ന രീതിയിൽ അടയാളപ്പെടുത്തിയ മാൻപാറ 2010ലാണ് വനം വകുപ്പ് യാത്ര നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ കാനന ഭംഗിയും മഞ്ഞിൽ കുളിച്ചുനിൽക്കുന്ന നെല്ലിയാമ്പതിയുടെ തേയിലത്തോട്ടങ്ങളും മലനിരകളുടെയും കാഴ്ചകളും സഞ്ചാരികൾക്ക് അന്യമായി. ഇതോടെ നെല്ലിയാമ്പതിയിലെ ടൂറിസവുമായി ബന്ധപ്പെട്ട് കഴിയുന്ന നൂറിലധികം ജീപ്പ് ഡ്രൈവർമാരുടെയും റിസോർട്ട് ഉടമകളും പ്രതിസന്ധിയിലായി.

നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രകൃതി ദൃശ്യങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനും ആവശ്യമായ നടപടി വനം വകുപ്പ് സ്വീകരിച്ചില്ല.

നെല്ലിയാമ്പതിയിലെ മിന്നാംപാറയിലേക്കും കേശവൻപാറയിലേക്കും വനം വകുപ്പിന്റെ നേതൃത്വത്തിൽ ഫീസ് ഇടാക്കി ട്രക്കിംഗ് അനുവദിക്കുന്നുണ്ട്. പക്ഷേ,​ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമല്ലാതായിരുന്നിട്ടു കൂടി മാൻപാറ സഞ്ചാരികൾക്ക് മുന്നിൽ തുറക്കാൻ നടപടിയുണ്ടായില്ല.

മാൻപാറയിലേക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി സംരക്ഷണ സമിതി കൺവീനർ റഷീദ് ആലത്തൂർ വനം വികസന കോർപ്പറേഷൻ ചെയർപേഴ്സന് പരാതി നൽകി. മാൻപാറയിലെ ടൂറിസം സാദ്ധ്യത വിലയിരുത്തുന്നതിനും നേരിൽ കാണുന്നതിനുമായി നാളെ കെ.എഫ്.ഡി.സി ഡയറക്ടർ പി.എ.റസാഖ് മൗലവി പ്രദേശം സന്ദർശിക്കും.