star

പത്തനംതിട്ട : ഡിസംബർ ആരംഭിച്ചതോടെ ക്രിസ്മസ് വിപണി സജീവമായി. നേരത്തെതന്നെ നക്ഷത്ര വിളക്കുകളും അലങ്കാരങ്ങളും നിരന്നിട്ടുണ്ട്. പുൽക്കൂടൊരുക്കാനായുള്ള സാധനങ്ങൾ വാങ്ങാൻ കടകളിലെത്തുന്നവരുടെ തിരക്കേറുകയാണ്. എൽ.ഇ.ഡി ലൈറ്റുകൾ വീടുകളിലും കടകളിലും പാതയോരങ്ങളിലും തെളിഞ്ഞുതുടങ്ങി. 40 മുതൽ 300 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങളും 140 മുതൽ 600 രൂപ വരെയുള്ള എൽ.ഇ.ഡി നക്ഷത്രങ്ങളും വിൽപനയ്ക്കുണ്ട്. അഞ്ചു രൂപ മുതൽ തുടങ്ങുന്ന ചെറിയ നക്ഷത്രങ്ങളും 2000 രൂപയുടെ വലിയ നക്ഷത്രങ്ങളുമുണ്ട്.

ചെറിയ ക്രിസ്മസ് ട്രീക്ക് മുതൽ നാലടി ഉയരമുള്ള ക്രിസ്തുമസ് ട്രീക്ക് വരെ ആവശ്യക്കാരേറെയാണ്. വെള്ളനിറത്തിലുള്ള ക്രിസ്മസ് ട്രീകളുമുണ്ട്. ഇവയ്ക്ക് 400 രൂപ മുതൽ 300, 5000 രൂപ വരെയാണ് വിലവരുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും സാന്താക്ലോസ് വേഷങ്ങൾ 300 രൂപയ്ക്ക് മുതൽ ലഭിക്കും. മാസ്‌കുകളും പുൽക്കൂടും വിൽപനയ്ക്കുണ്ട്.

പുൽക്കൂട്ടിൽ വയ്ക്കുന്ന പ്രതിമകൾക്ക് സെറ്റിന് 200 രൂപയാണ് വില. എൽ.ഇ.ഡി ബൾബുകൾക്ക് 100 രൂപയാണ് ഏറ്റവും കുറഞ്ഞ വില. വിവിധ നിറങ്ങൾ നൽകുന്ന എൽ.ഇ.ഡി ബൾബുകൾ , മാല ലൈറ്റുകൾ എന്നിവയാണ് കൂടുതലും വിറ്റഴിയുന്നത്.

അന്യസംസ്ഥാനക്കാരും സജീവം

നിരത്തിൽ അന്യസംസ്ഥാനക്കാരും വിൽപനയുമായുണ്ട്. ഡൽഹിയിൽ നിന്നും രാജസ്ഥാനിൽ നിന്നും മറ്റും എത്തിയവരാണ് ഇവർ. മൂന്നൂറ് രൂപയിൽ തുടങ്ങുന്ന സാന്താക്ലോസ് തൊപ്പികൾ, ചുവപ്പ് കോട്ടുകൾ മുഖം മൂടികൾ തുടങ്ങിയവയാണ് ഇവർ വിൽക്കുന്നത്. തൊപ്പിക്ക് 40 മുതൽ 50 രൂപവരെയാണ് വില. തൊപ്പിയോട് കൂടിയ മുഖംമൂടിക്ക് 150 രൂപയും. ക്രിസ്മസ് അപ്പൂപ്പന്റെ വേഷത്തിന് 300 മുതൽ 700 വരെയാണ് വില.