road
കടിക റോഡ് പൈപ്പ്ലൈൻ കുഴിയിൽ മണ്ണിടിഞ്ഞു താഴ്ന്ന ഭാഗം പ്രദേശവാസികൾ കാണിച്ചു തരുന്നു

കടിക: കുടിവെള്ള പൈപ്പ് ലൈനിന് എടുത്ത കുഴി ശരിയായി മൂടാത്തതിനെ തുടർന്ന് മണ്ണ് ഇടിഞ്ഞു താഴുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. ഏഴംകുളം പഞ്ചായത്തിൽ കടിക വാർഡിൽ കണ്ണൻ കുന്നിൽ ക്ഷേത്രത്തിന് സമീപമമാണ് വലിയ വലിയ രീതിയിൽ മണ്ണ് താഴ്ന്നിട്ടുള്ളത്. മൂന്നുമാസം മുമ്പാണ് ഇവിടെ റോഡ് വശത്ത് കുഴിയെടുത്ത് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. എന്നാൽ ഒരാഴ്ച മുമ്പ് പെയ്ത വലിയ മഴയിൽ ഇവിടെ പലയിടത്തും മണ്ണ് ഒലിച്ചു പോവുകയും ഇടിഞ്ഞു താഴുകയും ചെയ്തു. കുഴി നേരാംവണ്ണം മണ്ണിട്ട് ഉറപ്പിച്ച് മൂടാത്തതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് കാരണം റോഡ് വശത്തുകൂടി കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ സാധിക്കുന്നില്ല. വാഹനങ്ങൾ കടന്നു വരുമ്പോൾ ഒഴിഞ്ഞുമാറാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിൽ കുഴി ശ്രദ്ധയിൽപ്പെടാതെ നടന്നു വരുന്നവർക്ക് വീണ് അപകടം പറ്റാൻ സാദ്ധ്യതയുണ്ടെന്നും സമീപവാസികൾ പറയുന്നു.