tkfc
ഭൂട്ടാൻ ഇന്റർനാഷണൽ ഫുട്ബോൾ ലീഗിൽ കീരീടം നേടിയ കൊല്ലം ടി.കെ.എഫ്.സി ക്ലബിൻ്റെ യുവതാരങ്ങൾക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം

ചെങ്ങന്നൂർ: ഭൂട്ടാൻ ഇന്റർനാഷണൽ ഫുട്ബാൾ ലീഗിൽ കിരീടം നേടിയ കൊല്ലം ടി.കെ.എഫ്.സി ക്ലബിന്റെ യുവതാരങ്ങൾക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. അണ്ടർ 19, അണ്ടർ 17 ടീമുകൾ വിജയികളായി. അണ്ടർ 14 ടീം റണ്ണറപ്പ് ആയി. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മ്യാൻമാർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ടീമുകളുമായി മത്സരിച്ചാണ് കൊല്ലം ടി.കെ.എഫ്.സി ക്ലബിന്റെ യുവതാരങ്ങൾ ട്രോഫി രാജ്യത്ത് എത്തിച്ചത്. രാജ്യത്തെ വിവിധ ക്ലബുകളുമായി ഗോവയിൽ നടന്ന മത്സരത്തിൽ വിജയിച്ചാണ് ഭൂട്ടാൻ ഇന്റർനാഷണൽ ഫുട്ബാൾ ലീഗിൽ മത്സരിക്കാൻ ടി.കെ.എഫ്.സിക്ക് അവസരം ലഭിച്ചത്. ഹെഡ് കോച്ച് അനിലേഷിന്റെ ശിക്ഷണത്തിൽ ചെങ്ങന്നൂരിൽ നിന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ മംഗലം ശിവമാധവത്തിൽ മഹാദേവ് മനോജ് അടങ്ങിയതാണ് ടീം. റെയിൽവേ സ്റ്റേഷനിൽ നടന്ന സ്വീകരണത്തിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജന: സെക്രട്ടറി അനീഷ് മുളക്കുഴ, സെൽ കോർഡിനേറ്റർ രോഹിത്ത് പി കുമാർ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് പി.എ നാരായണൻ, മുൻസിപ്പാലിറ്റി പ്രസിഡന്റ് കെ.കെ വിനോദ് കുമാർ, ബിജുകുമാർ, ദിലീപ് ഉത്രം, മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.