
@ കെ.എസ്.ആർ.ടി.സി ഗവി ടൂറിസം പാക്കേജ് സർവീസിന് ഒരു വർഷം
@ വരുമാനം 3.5 കോടി
പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂറിസം പാക്കേജ് ഒരു വർഷം പൂർത്തിയാക്കി. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത ഗവി ജംഗിൾ സഫാരിയിൽ ഇതുവരെ 750 യാത്രകൾ നടത്തി.
കോടമഞ്ഞിൽ പുതച്ച ഗവി കാഴ്ചകൾ കണ്ടാസ്വദിച്ച് കാടിന്റെ മനോഹാരിത ആസ്വദിച്ച് കാട് തൊട്ടറിഞ്ഞ് നൂറിലധികം കിലോമീറ്റർ നീളുന്ന കാനനയാത്രയാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. വിവിധ വ്യു പോയന്റുകളിൽ നിറുത്തിയാണ് യാത്ര. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അഞ്ച് ഡാമുകളുണ്ട് ഈ കാനനപാതയോരങ്ങളിൽ. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി തുടങ്ങിയ ഡാമുകൾ സന്ദർശിച്ച് വള്ളക്കടവ്, വണ്ടിപ്പെരിയാർ വഴി പരുന്തുംപാറ സന്ദർശിച്ച് തിരികെ പത്തനംതിട്ടയിൽ എത്താം. കൊച്ചു പമ്പയിൽ ബോട്ടിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ളാഹ, പ്ലാപ്പള്ളി, ആങ്ങമുഴി, മൂഴിയാർ കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി വഴിയാണ് യാത്ര. പരിചയസമ്പന്നരായ ജീവനക്കാരെയാണ് യാത്രയിൽ പത്തനംതിട്ടയിൽ നിന്ന് കെ.എസ്.ആർ.ടി.സി നിയോഗിക്കുന്നത്. ഇവരുടെ ഗവി യാത്രയെക്കുറിച്ചുള്ള അനുഭവസമ്പത്ത് യാത്രക്കാർക്ക് പുതിയ അറിവുകൾ പകരും.
കോന്നി ആനക്കൂടും അടവി കുട്ടവഞ്ചി സവാരിയും ചേർന്ന യാത്രയും ആറന്മുള വള്ളസദ്യ ഉൾപ്പെടുത്തി പഞ്ചപാണ്ഡവ ക്ഷേത്ര ദർശന യാത്രയും നടത്തി.
ഇനി ചരിത്ര സ്മാരകങ്ങളിലേക്ക്
ജില്ലയിലെ ചരിത്ര സ്മാരക കേന്ദ്രങ്ങൾ ഉൾപ്പെടുത്തി പുതിയ യാത്രകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബഡ്ജറ്റ് ടൂറിസം സെൽ. ഇതിനായി ചരിത്ര സ്മാരകങ്ങളുടെ പട്ടിക തയ്യാറാക്കിവരുന്നു.
-------------------------
'' വിനോദ സഞ്ചാര യാത്ര വിജയമാണ്. ചരിത്ര സ്മാരകങ്ങളിലേക്കുള്ള യാത്രകൾ ഉടനെ ആരംഭിക്കും.
തോമസ് മാത്യു, ഡി.ടി.ഒ
ഗവി യാത്ര ബുക്കിംഗിന്: ഫോൺ 9744348037 (ജില്ലാ കോർഡിനേറ്റർ)