
മഴമറന്ന് മലകയറി തീർത്ഥാടകർ
ശബരിമല : ഇന്നലെപെയ്ത ശക്തമായ മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീർത്ഥാടകർ ഒഴുകിയെത്തി. ഈ സീസണിൽ നട തുറന്ന ശേഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ഇന്നലെയാണ്. തൊണ്ണൂറായിരത്തോളം ഭക്തർ ഓൺലൈനായി ബുക്കുചെയ്ത് ദർശനം നടത്തി. ഇതിന് പുറമെ സ്പോട്ട് ബുക്കിംഗിലൂടെ ദർശനം നടത്തിയവരുമുണ്ട്. ഇന്നലെ ഒരു ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. പുലർച്ചെ നട തുറന്നപ്പോൾ ദർശനത്തിന്ന് കാത്തുനിന്നവരുടെ നിര വലിയ നടപ്പന്തലും നിറഞ്ഞ് സർക്കാർ ആശുപത്രിയും പിന്നിട്ടിരുന്നു. ഈ തിരക്ക് രാത്രി നട അടയ്ക്കുന്നത് വരെ ഒരേപോലെ തുടർന്നു. ഇന്നും നാളെയും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ വെർച്വൽ ക്യൂ വഴി മാത്രം ബുക്ക് ചെയ്തിട്ടുണ്ട്.
മണ്ഡലകാലം തുടങ്ങി ഇതുവരെ ദർശനത്തിനെത്തിയത് ഏഴര ലക്ഷത്തോളം തീർത്ഥാടകരാണ്. തിരക്ക് വർദ്ധിച്ചതോടെ പമ്പയിൽ നിന്ന് ഓരോ മണിക്കൂറിലും മലകയറുന്ന തീർത്ഥാടകർ, ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർ,, സന്നിധാനത്തും പരിസരങ്ങളിലും വിശ്രമിക്കുന്നവർ, വിരിവയ്ക്കുന്നവർ എന്നിവരുടെയെല്ലാം കണക്കുകൾ പൊലീസ് പ്രത്യേകമായി ശേഖരിക്കുന്നുണ്ട്. മഴ പെയ്താൽ തീർത്ഥാടകർ ഓടിക്കയറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ, അവിടുത്തെ സ്ഥിതിഗതികൾ എന്നിവ കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ വിലയിരുത്തി.
അപകട സാദ്ധ്യതയുള്ള മേഖലകൾ, നേരത്തെ അപകടം സംഭവിച്ചിട്ടുള്ള സ്ഥലങ്ങൾ , ഓരോ കേന്ദ്രങ്ങളിലും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകും. തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ തീർത്ഥാടകരെ എട്ട് സെക്ടറുകളായി തിരിച്ചാണ് ദർശനത്തിന് അവസരം ഒരുക്കുന്നത്.
സംഗീതത്തിരയിളക്കി ശിവമണി
ശബരീശ സന്നിധിയിൽ ഭക്തിയുടെ സംഗീതത്തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി. കൂടെ താളംപിടിച്ച് മകൾ മിലാനയും. സന്നിധാനം ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗായകൻ സുധീപ് കുമാറും കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും ഒപ്പംചേർന്നു.
പിറന്നാൾ ദിനത്തിൽ അയ്യപ്പനു നൽകുന്ന നേർച്ചയാണ് തന്റെ കൈകളിലൂടെ വരുന്ന സംഗീതമെന്ന് ശിവമണി പറഞ്ഞു. എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണം. കന്നി മാളികപ്പുറമായ മകളുടെ ആദ്യ വേദിയാണ് സന്നിധാനത്തിലേതെന്നും അദ്ദേഹം പറഞ്ഞു. 1984 മുതൽ തുടർച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല ദർശനം നടത്തുന്നുണ്ട്. പുതിയതായി വാങ്ങിയ ഓട്ടോ ഡ്രം എന്ന വാദ്യോപകരണത്തിന്റെ തുടക്കവും ഇന്നലെ സന്നിധാനത്തുനിന്നായിരുന്നു.
ഔഷധ കുടിവെള്ള വിതരണം
മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമാവുകയാണ് വലിയ നടപ്പന്തലിലെ ഔഷധ കുടിവെള്ള വിതരണം. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ ടംബ്ലറുകളിലാണ് ദേവസ്വം ബോർഡ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പൂങ്കാവനം മാലിന്യ മുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കുടിവെള്ള വിതരണം. വെള്ളം കുടിച്ച ശേഷം ഉടൻതന്നെ കുപ്പിവെള്ളം മറ്റുഭക്തർക്ക് നൽകുകയും കാലിയാകുന്ന മുറയ്ക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്യും.ഭക്തർക്കെല്ലാം ദാഹജലം ഉറപ്പാക്കാൻ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്.നടപ്പന്തലിന്റെ രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ ടംബ്ലറുകളിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കും.