vikars
മാർത്തോമ്മാ സഭയിലെ പുതിയ വികാരി ജനറൽമാരായ റവ. കെ.വി ചെറിയാൻ, റവ. തോമസ് കെ. ജേക്കബ്, റവ ഡോ. ഷാം പി. തോമസ് എന്നിവർ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്കൊപ്പം

തിരുവല്ല: വർത്തമാനകാല യുവതയ്‌ക്കൊപ്പം അവരുടെ പ്രതിസന്ധികൾ മനസിലാക്കി വൈദീകർ പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും സമൂഹത്തിന്റെ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് ഈ കാലഘട്ടത്തിൽ ദൗത്യമേഖലകൾ വിസ്തൃതമാക്കണമെന്നും മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു. വാർഷിക വൈദീക കോൺഫ്രൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർത്തോമ്മാ സഭ പുതിയതായി നിയമിച്ച 3 വികാരി ജനറൽമാരുടെ നിയോഗശ്രുശ്രൂഷ കുർബാന മദ്ധ്യേ നടത്തി. കുർബാനയ്ക്ക് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ നേതൃത്വം നൽകി. റവ.തോമസ് കെ.ജേക്കബ്, റവ.ഷാം പി.തോമസ്, റവ. കെ.വി.ചെറിയാൻ എന്നീ വൈദീകർ വികാരി ജനറാൾമാരായി ചുമതലയേറ്റു. സഭാസെക്രട്ടറി റവ.എബി ടി. മാമ്മൻ, കോൺഫ്രൻസ് കൺവീനർ റവ.ബിജു കെ.ജോർജ്, കോൺഫറൻസ് ട്രഷറാർ റവ.ജോർജ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലീത്താ, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്താ, ഐസക് മാർ ഫീലക്സിനോസ്, ഏബ്രാഹം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ് എന്നീ എപ്പിസ്കോപ്പാമാരും റവ. സാജു സി.പാപ്പച്ചൻ, റവ.ഡോ.ജോസഫ് ഡാനിയേൽ, റവ.മാത്യു കെ.ചാണ്ടി എന്നീ റമ്പാൻമാരും സന്നിഹിതരായിരുന്നു.