pandanad
കുത്തിയതോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം പമ്പാനദിയുടെ തീരം ഇടിയുന്ന ഭാഗം മുള ഉപയോഗിച്ച് താല്ക്കാലിക വേലി നിർമ്മിച്ചിരിക്കുന്നു

ചെങ്ങന്നൂർ: കുത്തിയതോട് - കല്ലിശ്ശേരി റോഡിന്റെ പമ്പാനദിയോട് ചേർന്ന ഭാഗം ഇടിഞ്ഞുതാഴുന്നു. പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ കുത്തിയതോട് ഭാഗത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് റോഡരികും ഒപ്പം തീരവും ഇടിഞ്ഞ് നദിയിലേക്ക് വീഴുന്ന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ഏകദേശം 40 അടിയോളം നീളത്തിലാണ് ഇവിടെ തിട്ട ഇടിഞ്ഞിരിക്കുന്നത്. സമീപത്തായി കുളിക്കടവുമുണ്ട്. റോഡും തീരവും ഇടിഞ്ഞിരിക്കുന്ന ഭാഗത്ത് തീരസംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടില്ല. അപകട സൂചന നൽകുന്നതിനായി നാട്ടുകാർ ചേർന്ന് ഇപ്പോൾ മുള ഉപയോഗിച്ച് താല്ക്കാലിക വേലി നിർമ്മിച്ചിട്ടുണ്ട്. നല്ല ഒഴുക്കും ചുഴിയുമുള്ള ഭാഗമാണിത്. അതുകൊണ്ടുതന്നെ അടിഭാഗത്തു നിന്ന് മണ്ണ് ഒഴുകി മാറിയിട്ടുണ്ട്. കല്ലിശേരി പ്രയാർ കുത്തിയതോട് റോഡ് നിർമ്മാണത്തിനു ശേഷമാണ് കൂടുതലായി തീരം ഇടിഞ്ഞു തുടങ്ങിയത്. തിരുവല്ല, ചെങ്ങന്നൂർ, കല്ലിശ്ശേരി, തിരുമൂലപുരം, കുറ്റൂർ എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിലെ ബസുകൾ രാവിലെയും വൈകിട്ടും കുട്ടികളുമായി ഇതുവഴിയാണ് കടന്നു പോകുന്നത്. കൂടാതെ ദിനംപ്രതി നിരവധി ടിപ്പർ ലോറികളും മറ്റു വാഹനങ്ങളും കടന്നു പോകുന്നുണ്ട്. ഈ ഭാഗത്ത് എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വൻ അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഇവിടെ ആഴക്കൂടുതൽ ഉള്ളതിനാൽ ജലസേചന വകുപ്പ് അപായസൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

ഗ്രാമസഭയിൽ അറിയിച്ചിട്ടും നടപടിയില്ല

സംഭവം ഗ്രാമസഭയിൽ ഉന്നയിച്ചിട്ടും നാളിതുവരെ തുടർ നടപടികൾ ഒന്നും എടുത്തിട്ടില്ല. ആറ്റുതീരം കാടുപിടിച്ചു കിടക്കുന്നതിനാൽ ഈ ഭാഗത്തെ കാഴ്ചയും ഡ്രൈവർമാർക്ക് വ്യക്തമല്ല. അടിയന്തരമായി തീരം സംരക്ഷണഭിത്തികെട്ടി സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

........................

റോഡിന്റെ ഈ ഭാഗം നാൾക്ക് നാൾ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ആഴക്കൂടുതൽ ഉള്ളതിനാൽ ഇവിടെ കുളിക്കരുത് എന്നൊരു അപായ ബോർഡ് മാത്രം സ്ഥാപിച്ച് ജലസേചന വകുപ്പ് അധികൃതർ കൈയൊഴിഞ്ഞിരിക്കുകയാണ്. ഈ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാനുള്ള നടപടി ഉടൻ സ്വീകരിക്കണം.

(പ്രദേശവാസികൾ)

.............................................

1. 40 അടി നീളത്തിൽ തിട്ട ഇടിഞ്ഞു

2. ഇരുദിശയിൽ നിന്ന് വാഹനങ്ങൾ വരുമ്പോൾ

അപകട സാദ്ധ്യത ഏറെ

3. നദിയിൽ ആഴക്കൂടുതൽ

4. തീരമിടിഞ്ഞത് റോഡ് നി‌ർമ്മാണത്തിന് ശേഷം