പത്തനംതിട്ട : നഗരസഭാ ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഉദ്‌ഘാടനങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പ്രധാന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വിലയിരുത്തുന്നതിനായി പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. നഗരത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും റിപ്പോർട്ട് വിതരണം പൂർത്തിയായി. ബസ് സ്റ്റാൻഡ് യാർഡിന്റെ നിർമ്മാണ ഉദ്‌ഘാടനം നടത്തും. ജില്ലാ ആസ്ഥാനത്തിന്റെ സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾ പുതുവത്സര സമ്മാനമായി നാടിനു നൽകും. സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ അമൃതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന നഗരസഭയുടെ സ്വന്തം പദ്ധതിയായ മണ്ണുങ്കൽ പദ്ധതി 10ന് ഉദ്‌ഘാടനം ചെയ്യും. മൈലാടുപറയിൽ നിർമ്മാണം പൂർത്തീകരിച്ച വെൽനെസ് സെന്ററിന്റെയും കുമ്പഴ മേഖല ഓഫീസിന്റെയും ഉദ്‌ഘാടനം മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കും. ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സർവൈലൻസ് ക്യാമറകളുടെ ഉദ്‌ഘാടനം 8നു നടക്കും. മാലിന്യം വലിച്ചെറിയുന്നത് അറിയിക്കാനുള്ള വാട്സ് ആപ് നമ്പർ, മാലിന്യ സംസ്കരണത്തിനായുള്ള ബയോ ബിന്നുകൾ, കുടുംബശ്രീ സി.ഡി എസിന് വേണ്ടി നിർമ്മിച്ച കോൺഫറൻസ് ഹാൾ, നവീകരിച്ച ഹോമിയോ ആശുപത്രി തുടങ്ങിയവയുടെ ഉദ്‌ഘാടനങ്ങളും മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കും. വിവിധ വാർഡുകളിൽ നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ ഉദ്‌ഘാടനവും ഇതോടൊപ്പം ഉണ്ടാകും. കെ.കെ നായർ ഇന്റർനാഷണൽ സ്റ്റേഡിയം, നഗരസഭ മാർക്കറ്റ്, ശ്രീ അയ്യപ്പ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിലുള്ളതും പുതിയതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കുക എന്നതാണ് ഭരണസമിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.