
കോഴഞ്ചേരി : പുതിയ പാലത്തിന്റെ പണി പാതിവഴിയിലായിട്ട് അഞ്ച് വർഷം. സ്ഥലം ഏറ്റെടുപ്പ് വൈകുന്നതിനാൽ നിർമ്മാണം നീളുന്നുവെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ വസ്തു ഉടമകൾക്ക് ഫെബ്രുവരിയിൽ തുക കൈമാറിയെന്ന് സ്ഥലം എം.എൽ.എ അറിയിച്ചതോടെ വീണ്ടും പ്രതീക്ഷകളായി. കരാറുകാരനെ മാറ്റി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പുതിയ നിർമ്മാണ കരാർ നൽകിയതോടെ മുടങ്ങിയ പാലം പണി വീണ്ടും തുടങ്ങാനാകുമെന്ന് ജനം പ്രതീക്ഷിച്ചു. എന്നാൽ പണി എന്നുതുടങ്ങുമെന്ന കാര്യത്തിൽ ഇനിയും ഒരു ഉറപ്പുമില്ല. തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലം നിർമ്മാണം. കോഴഞ്ചേരിയിലെ ഗതാഗതകുരുക്കിന് പരിഹാരം കൂടിയാണ് പുതിയ പാലം.
1948ൽ ആണ് കോഴഞ്ചേരിയിലെ പഴയ പാലം നിർമ്മിക്കുന്നത്.
കരാറുകാർ കൈയൊഴിഞ്ഞു
2018ൽ ആരംഭിച്ച കോഴഞ്ചേരി പാലം നിർമ്മാണം 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിൽ ആദ്യ കരാറുകാരൻ ഇടയ്ക്ക് പണി ഉപേക്ഷിച്ചു. പിന്നീട് രണ്ടുതവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ ആരും എത്തിയില്ല. വീണ്ടും നാലാമത് ടെൻഡർ ചെയ്തപ്പോൾ ഉൗരാളുങ്കൽ സൊസൈറ്റി പണി ഏറ്റെടുത്തു.
സ്ഥലമേറ്റെടുപ്പും എസ്റ്റിമേറ്റ് സംബന്ധിച്ച കൃത്യതയില്ലായ്മയുമാണ് പണികൾ നീണ്ടുപോകാൻ കാരണം.
അപ്രോച്ച് റോഡുകൾ
കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ നിർമ്മിക്കും.
ഇരുവശവും നടവഴികൾ
മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴികൾ നിലനിറുത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിനു സമീപം നടവഴികളും ഒരുക്കും.
നിർമ്മാണ ചെലവ് : 20.58 കോടി രൂപ
നീളം : 207.2 മീറ്റർ
വീതി : 12 മീറ്റർ