
തിരുവല്ല : വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ റമ്പാൻമാരായ റവ.സാജു സി.പാപ്പച്ചൻ, റവ.ഡോ.ജോസഫ് ഡാനിയേൽ, റവ.മാത്യു കെ. ചാണ്ടി എന്നിവർ സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ പേരുകളിൽ എപ്പിസ്കോപ്പമാരായി അഭിഷിക്തരായി. എസ്.സി കുന്നിലെ താത്കാലിക മദ്ബഹയിൽ നടന്ന സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ‘സേനയിൻ യഹോവയെ’ എന്ന ഗാനം സഭയുടെ സംഗീത വിഭാഗം ആലപിച്ചതോടെ ശുശ്രൂഷയ്ക്ക് ആരംഭമായി. സെന്റ് തോമസ് മാർത്തോമ്മാ പളളിയിൽ നിന്ന് നിയുക്ത എപ്പിസ്കോപ്പാമാരെ മദ്ബഹയിലേക്ക് ആനയിച്ചു. മൂന്നു റമ്പാൻമാരെയും സീനിയർ വികാരി ജനറാൾ വെരി.റവ.ജോർജ്ജ് മാത്യു നിയോഗ ശുശ്രൂഷയ്ക്കായി മെത്രാപ്പോലീത്തയെ ഏല്പിച്ചു. വിശുദ്ധസഭയുടെ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് പരിശുദ്ധ റൂഹാ നിങ്ങളെ വിളിക്കുന്നുവെന്ന മെത്രാപ്പോലീത്തയുടെ ആഹ്വാനത്തോടെ ഞാൻ സമ്മതിക്കുന്നുവെന്ന് റമ്പാൻമാർ പ്രതിവചനം പറഞ്ഞതോടെ വിശുദ്ധ കുർബാന തുടങ്ങി. ആരാധനാ മദ്ധ്യേ തോമസ് മാർ തിമോഥെയോസ് വചനശുശ്രൂഷ നിർവഹിച്ചു. തുടർന്ന് റമ്പാൻമാർ മദ്ബഹയുടെ മദ്ധ്യത്തിൽ മുട്ടുകുത്തിയതോടെ സ്ഥാനാഭിഷേക ശുശ്രൂഷകൾ ആരംഭിച്ചു. സത്യവിശ്വാസം കാത്തു പ്രസംഗിച്ചു പഠിപ്പിക്കുമെന്ന് വാഗ്ദത്തം ചെയ്യുന്ന സമ്മതപത്രം റമ്പാൻമാർ വായിച്ച് മെത്രാപ്പൊലീത്തയെ ഏല്പിച്ചു. അംശവടി ഏന്തിയ മെത്രാപ്പോലീത്താ തലയിൽ കൈവച്ച് ഒാരോരുത്തരുടെയും പേരുകൾ പ്രഖ്യാപിച്ച് പട്ടം നൽകി. സ്ഥാന വസ്ത്രങ്ങൾ നൽകുകയും മസനപ്സ ധരിപ്പിക്കുകയും ചെയ്തു. സഭയുടെ മോതിരം അണിയിച്ച് സ്ളീബായും വേദപുസ്തകവും നൽകി. എപ്പിസ്കോപ്പമാരെ സിംഹാസനത്തിൽ ഇരുത്തി മൂന്നുതവണ ഉയർത്തിയപ്പോൾ വിശ്വാസസമൂഹം ഒാക്സിയോസ് വിളിക്കുകയും തുടർന്ന് എപ്പിസ്കോപ്പമാർ ഏവൻഗേലിയോൻ വായിക്കുകയും ചെയ്തതോടെ സ്ഥാനാഭിഷേക ചടങ്ങുകൾക്ക് സമാപനമായി.