
തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ റമ്പാൻമാരായ സാജു സി.പാപ്പച്ചൻ, ഡോ.ജോസഫ് ഡാനിയേൽ, മാത്യു കെ. ചാണ്ടി എന്നിവർ സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ പേരുകളിൽ എപ്പിസ്കോപ്പമാരായി അഭിഷിക്തരായി.
എസ്.സി കുന്നിലെ താത്കാലിക മദ്ബഹയിൽ നടന്ന ശുശ്രൂഷയ്ക്ക് സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. മൂന്നു റമ്പാൻമാരെയും സീനിയർ വികാരി ജനറാൾ ജോർജ്ജ് മാത്യു നിയോഗ ശുശ്രൂഷയ്ക്കായി മെത്രാപ്പോലീത്തയെ ഏല്പിച്ചു. ആരാധനാമദ്ധ്യേ തോമസ് മാർ തിമോഥെയോസ് വചനശുശ്രൂഷ നിർവഹിച്ചു. അംശവടി ഏന്തിയ മെത്രാപ്പോലീത്താ തലയിൽ കൈവച്ച് ഓരോരുത്തരുടെയും പേരുകൾ പ്രഖ്യാപിച്ച് പട്ടം നൽകി. സ്ഥാന വസ്ത്രങ്ങൾ നൽകുകയും മസനപ്സ ധരിപ്പിക്കുകയും ചെയ്തു. സഭയുടെ മോതിരം അണിയിച്ച് സ്ളീബായും വേദപുസ്തകവും നൽകി. എപ്പിസ്കോപ്പമാരെ സിംഹാസനത്തിൽ ഇരുത്തി മൂന്നുതവണ ഉയർത്തിയപ്പോൾ വിശ്വാസസമൂഹം ഓക്സിയോസ് വിളിക്കുകയും എപ്പിസ്കോപ്പമാർ ഏവൻഗേലിയോൻ വായിക്കുകയും ചെയ്തു.