sti
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൊലീസ് ഹെൽപ്‌ലൈൻ നമ്പർ സ്റ്റിക്കർ പതിച്ചുകൊണ്ട് ജില്ലാ പൊലീസ് മേധാവി വി. അജിത് ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും, സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പൊലീസ് ഹെൽപ്‌ലൈൻ നമ്പരായ 14432 ആലേഖനം ചെയ്ത സ്റ്റിക്കർ പതിച്ചുതുടങ്ങി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ , റെയിൽവേസ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഹെൽപ്‌ലൈൻ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കർ പതിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസിൽ പതിച്ച് ജില്ലാ പൊലീസ് മേധാവി വി. അജിത് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പൊലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്‌ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ നിന്ന് സമീപജില്ലകളിൽ നിന്ന് ശബരിമലക്ക് എത്തുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നു.
പമ്പക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി .സി ബസുകളുടെ പുറത്തും ഉള്ളിലും സ്റ്റിക്കർ ജില്ലാ പൊലീസ് മേധാവി പതിച്ചു. സ്റ്റാൻഡിനുള്ളിൽ നമ്പർ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ജില്ലാ പൊലീസ് സായുധ ക്യാമ്പ് അസിസ്റ്റന്റ് കമണ്ടന്റ് എം.സി ചന്ദ്രശേഖരൻ, കെ. എസ് .ആർ. ടി .സി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.