പത്തനംതിട്ട : പഠനത്തോടൊപ്പം സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന മികച്ച സന്നദ്ധ പ്രവർത്തകരായ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ എം.മാസ്റ്റേഴ്‌സ് ഫൗണ്ടേഷൻ കേരള നൽകുന്ന ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
സാമൂഹ്യപ്രവർത്തനം നടത്തുന്ന കുട്ടികൾക്ക് അനുമോദനവും പ്രോത്സാഹനവും സഹായവും നൽകി മൂല്യബോധവും ,സാമൂഹ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമാണ് പുരസ്‌കാര സമർപ്പണം. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, കോളജ് തലങ്ങളിലുള്ള ഓരോ ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് അവാർഡ് നൽകുന്നത്. അർഹരായ വിദ്യാർത്ഥിയുടെ പേര് പി.ടി.എകൾക്കും സന്നദ്ധ സംഘടനകൾക്കും ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തകർക്കും ശുപാർശ ചെയ്യാം. ഫെബ്രുവരിയിൽ വിജയികളെ സർട്ടിഫിക്കറ്റും മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിക്കും.
മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും റിട്ട.അദ്ധ്യാപകനും വിദ്യാഭ്യാസ സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ കെ.ജി.റെജി (മണി മാഷ്) ആണ് ഈ ശിഷ്യശ്രേഷ്ഠ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ പൂരിപ്പിച്ച് സ്ഥാപന മേധാവിയുടേയും ,ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തന്റെയും സാക്ഷ്യ പത്രത്തോടൊപ്പം നൽകണം. ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ രേഖകൾ (നോട്ടീസ്, പത്രവാർത്ത കട്ടിംഗുകൾ, ചാനൽ ക്ലിപ്പുകൾ, CD /പെൻഡ്രൈവ് കൾ തുടങ്ങിയവ) ഒരു ഫയലാക്കി നൽകണം. നേരത്തെ ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ച കുട്ടികൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും ഫോൺ : 9048685287. പൂരിപ്പിച്ച അപേക്ഷ കെ.ജി.റെജി, ചീഫ് കോഓർഡിനേറ്റർ ,'സംസ്ഥാന ശിഷ്യ ശ്രേഷ്ഠ' പുരസ്‌കാരം, നളന്ദ, ഇടപ്പരിയാരം പി.ഒ. 689643, ഇലന്തൂർ,പത്തനംതിട്ട എന്ന വിലാസത്തിൽ ഡിസംബർ 31ന് മുൻപ് ലഭിക്കണം.