k

മാന്യൻമാരായ കമ്മ്യൂണിസ്റ്റുകാർ എന്ന് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ സി.പി.ഐയെ വിശേഷിപ്പിക്കാറുണ്ട്. പറയേണ്ട കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ മര്യാദയ്ക്ക് പറയുന്നവർ എന്ന് സി.പി.ഐ നേതാക്കളെക്കുറിച്ച് വിലയിരുത്തലുകളുണ്ട്. അലക്കിത്തേയ്ക്കാത്ത ഷർട്ടും മുണ്ടും ധരിച്ച് തോൾ സഞ്ചിയും കണ്ണടയും ധരിച്ച് വരുന്ന പഴഞ്ചൻ കമ്മ്യൂണിസ്റ്റ് ജീവിത ശൈലിയല്ല അവരുടേത്. കാലത്തിനൊത്ത മാറ്റം ഉൾക്കൊണ്ട് ജീവിതശൈലിയെ പരിഷ്കരിച്ചു. കമ്പ്യൂട്ടർ വന്നപ്പോൾ സാധാരണക്കാരുടെ ജോലി പോകുമെന്ന് പറഞ്ഞ് തല്ലിപ്പൊളിച്ച പ്രവർത്തന രീതിയല്ല സി.പി.ഐക്കാരുടേത്. ലോകത്ത് നടക്കുന്ന മാറ്റങ്ങൾക്കൊപ്പം കമ്മ്യൂണിസ്റ്റ് നയങ്ങളെ രൂപപ്പെടുത്തിക്കൊണ്ടാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്. പറമ്പിലെ മരത്തിന്റെ ചുവട്ടിൽ പശുവിനെ കെട്ടിയിട്ട് കറന്നും പുല്ലു പറിച്ചും കാടിവെള്ളം തിളപ്പിച്ചും ഉള്ള വരുമാനം കൊണ്ട് ജീവിച്ച കാലത്തു നിന്ന് ആധുനിക കാലത്തെ പശു ഫാമുകളിലേക്ക് രൂപാന്തരം പ്രാപിച്ചവരിൽ കമ്മ്യൂണിസ്റ്റുകാരുമുണ്ട്. ഫാം വികസിച്ച് പണം അൽപ്പം കൂടുതൽ സമ്പാദിച്ച് കുടുംബം പുലർത്തുന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുവാൻ അക്ഷീണം പ്രവർത്തിക്കുന്ന നേതാക്കൾ ധാരാളം സി.പി.ഐയിലുണ്ട്. കമ്മ്യൂണിസ്റ്റുകാർക്ക് കച്ചവടവും വ്യവസായവും ഫാമുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊന്നും നടത്തിക്കൂടായെന്ന് ഭരണഘടനയിൽ ഇല്ല. ഇതെല്ലാം പറഞ്ഞു വന്നത് പുതിയ കാലത്തിനൊപ്പം നടന്നു നീങ്ങിയ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പതനം പത്തനംതിട്ടയിൽ കണ്ടതുകൊണ്ടാണ്. നാൽപ്പത്തിമൂന്ന് വർഷമായി സി.പി.ഐയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നേതാവാണ് അടൂർ സ്വദേശിയായ എ.പി.ജയൻ. വിദ്യാർത്ഥി ഫെഡറേഷന്റെ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങി ജില്ലാ, സംസ്ഥാന ഭാരവാഹിയുമൊക്കെയായി. വിദ്യാർത്ഥി ജീവിതത്തിനു ശേഷം യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫിന്റെ സജീവ പ്രവർത്തനത്തിലൂടെ സംസ്ഥാന നേതാവായി. സി.പി.ഐയുടെ ബ്രാഞ്ച് തലം മുതൽ പ്രവർത്തിച്ച് ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായി. എ.ഐ.ടി.യു.സിയുടെയും കിസാൻ സഭയുടെയും ഭാരവാഹികയായി. ഒരു കമ്മ്യൂണിസ്റ്റുകാരന് അയാളുടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തന ശൈലികൊണ്ട് ഏതെല്ലാം തലങ്ങളിൽ വരെയെത്താമോ അതിനെല്ലാം യോഗ്യതയുള്ള സംഘാടക മികവ് പ്രകടിപ്പിച്ചിയാളാണ് എ.പി ജയൻ. പത്തനംതിട്ടയിൽ സി.പി.ഐ എന്നാൽ എ.പി ജയൻ എന്ന് പറയുന്നിടത്തേക്ക് കാര്യങ്ങളെത്തി.

വളർത്തിയ കൈക്ക് കടി കിട്ടി

തുടർച്ചയായി മൂന്ന് തവണ ജില്ലാ സെക്രട്ടറി പദത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പാർട്ടിയിൽ അദ്ദേഹത്തിന് എതിരാളികൾ കൂടി വന്നു. ഒടുവിൽ, പോകുന്ന പോക്കിൽ തോണ്ടുകാലിട്ട് മറിച്ച് അദ്ദേഹത്തെ വീഴ്ത്തിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. നേരത്തേ പറഞ്ഞപോലെ പശു ഫാം തുടങ്ങി അദ്ദേഹമുണ്ടാക്കിയ സമ്പത്ത് അനർഹമായ വഴികളിലൂടെയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ കണ്ടെത്തിയിരിക്കുന്നു. ഉയർച്ചയുടെ ഏണികൾ കയറി പാമ്പിന്റെ വായിലൂടെ താഴേക്ക് പതിക്കുന്ന പോലെ ജില്ലാ സക്രട്ടറി സ്ഥാനത്ത് നിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്കായിരുന്നു പർട്ടി നടപടിയുടെ ഭാഗമായി ജയന്റെ പതനം. വളർത്തിയ കൈക്കിട്ട് കടി കിട്ടിയ അനുഭവമാണ് അദ്ദേഹത്തിന് ഉണ്ടായതെന്ന് അടുപ്പമുള്ളവർ പറയുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് യോജിക്കാത്ത നിലയിൽ പശുഫാമിന്റെ മറവിൽ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായ ആരോപണം. പാർട്ടിക്ക് പരാതി നൽകിയത് ജില്ലാ പഞ്ചായത്തംഗവും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ്. എ.പി ജയൻ ഉൾപ്പെടുന്ന പള്ളിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചു വന്ന ശ്രീനാദേവി കുഞ്ഞമ്മ പ്രസംഗത്തിലൂടെയും പ്രവർത്തനത്തിലൂടെയും സി.പി.ഐയുടെ അഭിമാന താരമായി. പക്ഷെ, പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് പലരും പരിഗണിക്കപ്പെടാതെ പോയത് ജയന്റെ വെട്ടിനിരത്തൽ തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ജില്ലയിൽ യുവജന സംഘടനയിലൂടെ പ്രവർത്തന മികവ് തെളിയിച്ച ഒട്ടേറെ പേർക്ക് പാർട്ടിയിൽ അവസരം ഇല്ലാതെ വന്നതും ജയനെതിരായ വിഭാഗീയ പ്രവർത്തനങ്ങളുടെ ആക്കം കൂട്ടി.

തെറ്റ് ചെയ്തെങ്കിൽ ശിക്ഷ വേണം

മൂന്നാം ടേമിൽ അദ്ദേഹം ജില്ലാ സെക്രട്ടറി ആയപ്പോഴാണ് എതിർപക്ഷം കരുനീക്കങ്ങൾ ശക്തമാക്കിയത്. ഒപ്പം നിന്ന വിശ്വസ്തരായ പ്രമുഖ നേതാക്കൾ മറുകണ്ടം ചാടി. ലോക്കൽ സമ്മേളനങ്ങൾ മുതൽ കമ്മറ്റിയിൽ ഉൾപ്പെടുത്തിയ പുതുമുഖങ്ങൾ ജയന്റെ വിശ്വസ്തർ മാത്രമാണെന്നാണ് ആരോപണം. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. തന്റെ മുന്നിൽ പാർട്ടി മാത്രമാണ്. തന്റെ നോമിനികൾ എന്ന പ്രയോഗം തന്നെ തെറ്റാണ്. പാർട്ടിയിൽ രണ്ടു വിഭാഗങ്ങളില്ല. കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്ന് ഇതുവരെ താൻ വ്യതിചലിച്ചിട്ടുമില്ല. സാമ്പത്തിക ആരോപണത്തിനും കൃത്യമായി മറുപടിയുണ്ട്. പശു ഫാം തുടങ്ങിയത് മരുമകനും കൂട്ടുകാരും ചേർന്നാണ്. മരുമകൻ ഗൾഫിൽ ബിസിനസ് നടത്തുന്നു. അയാൾക്ക് ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നോക്കി നടത്താനാവില്ല. അതുകൊണ്ട് നാട്ടിലുള്ള തന്നെ ഏൽപ്പിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയോട് അനുവാദം ചോദിച്ച ശേഷമാണ് ഫാമിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്. തന്റെ സമ്പാദ്യത്തിന്റെയും പശുഫാമിന്റെ കണക്കുകളും എല്ലാവരെയും ബോധ്യപ്പെടുത്തിയതുമാണ്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയുടെ അ‌ടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പാർട്ടി കമ്മിഷനും വിവരങ്ങൾ നൽകി. ഇൻകം ടാക്സിനും കൃത്യമായ കണക്കുകൾ നൽകുന്നു. ആരോപണങ്ങളുടെ മുൾമുനയിൽ നിന്നുകൊണ്ട്, കമ്മ്യൂണിസ്റ്റുകാരന് പശു ഫാമും ബിസിനസും ഒന്നും നടത്താൻ പാടില്ലേ എന്ന എ.പി ജയന്റെ ചോദ്യം പ്രസക്തമാണ്.

ദരിദ്രനെ ദരിദ്രനാക്കിയും കർഷക തൊഴിലാളിയെ അങ്ങനെയാക്കിയും നിറുത്തിയാലേ കമ്മ്യൂണിസം പച്ച പിടിക്കൂവെന്നാണെങ്കിൽ ആ കമ്മ്യൂണിസത്തിന് നിലനിൽപ്പില്ലെന്ന് വർത്തമാനകാല യാഥാർത്ഥ്യം നമ്മെ പഠിപ്പിക്കുന്നണ്ട്. എ.പി ജയൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനം നടത്തിയെങ്കിൽ പാർട്ടിയുടെ ശിക്ഷയേറ്റു വാങ്ങണം. അതേസമയം, അദ്ദേഹം പാർട്ടിക്ക് നിരക്കത്ത എന്തു പ്രവൃത്തിയാണ് ചെയ്തതെന്ന് പാർട്ടി പരസ്യമായി പറയുകയും വേണം. നാൽപ്പത്തി മൂന്ന് വർഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ചയാളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തി ഒപ്പം കൂട്ടാനുള്ള പരിശ്രമം പാർട്ടിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട എ.പി ജയൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പെരുമാറ്റം വേദനയുണ്ടാക്കിയവർക്ക് ഇതിലും നല്ല മറുപടി അദ്ദേഹത്തിന് നൽകാനുമില്ല.