തിരുവല്ല: ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാമെന്ന കോൺഗ്രസിന്റെ വ്യാമോഹമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടിയായതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിഅംഗം ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. സി.പി.എം കുറ്റൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമ്മിക്കുന്ന വെൺപാല രാമചന്ദ്രൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജയിച്ചിടത്ത് അപ്പോൾത്തന്നെ എം.എൽ.എമാരെ ബസിലാക്കി റിസോർട്ടുകളിലേക്ക് മാറ്റി. ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് വിജയിച്ചാൽ ഉറച്ചുനിൽക്കുമെന്ന് ഉറപ്പില്ല. എന്നാൽ ഇടതുപക്ഷം അങ്ങനെയല്ല, ഉറച്ച നിലപാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി അഡ്വ.അനൂപ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പത്മകുമാർ, ആർ.സനൽകുമാർ, ഏരിയാസെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി, അംഗങ്ങളായ സുധീഷ് വെൺപാല, ജെനുമാത്യു, വിശാഖ് കുമാർ, ടി.എ.റെജികുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.സഞ്ചു, എ.കെ.ഗോപിദാസ് എന്നിവർ സംസാരിച്ചു.