കോന്നി: കൊക്കാത്തോട്ടിൽ വനാതിർത്തിയിൽ ഒൻപത് വയസ് തോന്നിക്കുന്ന പെൺകടുവയെ ചത്തനിലയിൽ കണ്ടെത്തി. ഞയാറാഴ്ച വൈകുന്നേരം കാട്ടാത്തി ട്രൈബൽ കോളനിയോട് ചേർന്ന സ്ഥലത്തെ പാറയ്ക്കരികിൽ വനവാസികളാണ് ജഡം കണ്ടത്. ഇന്നലെ രാവിലെ പോസ്റ്റു മോർട്ടത്തിന് ശേഷം ഇവിടെത്തന്നെ കത്തിച്ചു. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായി ശ്വാസനാളം പൊട്ടിയിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോ. ശ്യാം ചന്ദ്രൻ പറഞ്ഞു. ഇണ ചേരാനെത്തിയ ആൺകടുവയുമായി ഏറ്റുമുട്ടിയതാകാം കാരണം. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ ഖോറി, നടുവത്തുമൂഴി റേഞ്ച് ഒാഫീസർ ശരത്ചന്ദ്രൻ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.