
പത്തനംതിട്ട : മൈലപ്ര - കുമ്പഴ റോഡിൽ ഇന്നലെയും അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വടശേരിക്കര ബംഗ്ളാംകടവ് കൈതേലിൽ പി.കെ.ശ്രീധരന്റെയും വത്സലയുടെയും മകൻ അരുൺകുമാർ (45) ആണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അപകടത്തിൽപ്പെട്ട കാറും സ്കൂട്ടറും റോഡ് വശത്തെ താഴ്ചയിലേക്ക് മറിഞ്ഞു. കാറിൽ രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം ആറ് പേരുണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ഞായറാഴ്ച രാത്രി ഏഴുമണിയോടെ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ മൈലപ്ര ശാന്തിനഗർ വലുപറമ്പിൽ അംബി (55) മരിച്ചു.