ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ ചില വ്യാപാരികൾ ശബരിമല തീർത്ഥാടകരിൽ നിന്ന് ഇൗടാക്കുന്നത് അമിതവില. ഒരു ഹോട്ടലിൽ നിന്ന് രണ്ട് ചപ്പാത്തിയും ചമ്മന്തിയും കഴിച്ച തീർത്ഥാടകനോട് വാങ്ങിയത് 60 രൂപ. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ നിരവധി താത്കാലിക കടകളാണ് തുടങ്ങിയത്. വൻകിട മുതലാളിമാരുടെ ബിനാമിയായി പ്രവർത്തിക്കുന്ന ചെറിയ കടകളുമുണ്ട്.മറ്റ് സ്ഥലങ്ങളിൽ വച്ച് പാചകം ചെയ്തശേഷം ഇവിടെ എത്തിച്ച് കച്ചവടം നടത്തുന്ന ഹോട്ടലുകളുണ്ട്. ഇവിടങ്ങളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ഭക്ഷണ പദാർത്ഥങ്ങൾക്ക് സർക്കാർ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കാറില്ല. രഹസ്യകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന കടകളുമുണ്ട്. ഇവയ്ക്ക് ലൈസൻസുണ്ടോ എന്ന് വ്യക്തമല്ല. സുരക്ഷയും വൃത്തിയും ഉറപ്പുവരുത്താൻ അധികൃതർ പരിശോധന നടത്താറില്ല. ഭക്ഷ്യവകുപ്പും അളവുതൂക്ക വകുപ്പും ആരോഗ്യ വകുപ്പും ഇൗ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് പരാതിയുണ്ട്.