ചെങ്ങന്നൂർ : പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്ന നിർമ്മാണമത്സരത്തിൽ ചെങ്ങന്നൂർ പുത്തൻകാവ് എം.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥി ആരോൻ ഫിലിപ്പ് തോമസ് ശ്രദ്ധേയനായി. മുട്ടത്തോടുകൊണ്ട് ഇഷ്ടഗായകൻ യേശുദാസിന്റെ മനോഹര ചിത്രം സൃഷ്ടിച്ച് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ആരോൺ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ആപ്പിൾ തൊലിയും പാളയുമൊത്തുള്ള പൂക്കൂട, പിസ്താത്തോടും എെസ് ക്രീം സ്റ്റിക്കും ചേർത്ത് പെൻ സ്റ്റാൻഡ്, നൈറ്റ് ലാമ്പ് എന്നിവ കൂടാതെ ഗണിതത്തിന്റെ വിസ്മയങ്ങൾ തീർത്ത പഠന വസ്തുക്കളും ഏവരേയും അകർഷിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ അറബിക് പദ്യപാരായണത്തിലും മാപ്പിളപാട്ടിലും ആരോൻ സമ്മാനം നേടിയിരുന്നു. ഈ വർഷത്തെ ജില്ലാ ലളിതഗാനമത്സരത്തിൽ എ ഗ്രേഡ് ജേതാവാണ്. സഹോദരൻ ശാരോണും കലോത്സവ വേദിയിലും പ്രവർത്തിപരിചയ മേളയിലും നിറസാന്നിദ്ധ്യമായിരുന്നു. മാന്തുക സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ.കെ.ഒ.തോമസിന്റെയും അദ്ധ്യാപിക മറിയാമ്മ ഫിലിപ്പിന്റെയും മകനാണ്.