പത്തനംതിട്ട : മണ്ണാറക്കുളഞ്ഞി - കുമ്പഴ - മൈലപ്ര റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കി. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടൽ. മണ്ണാറക്കുളഞ്ഞിക്കും മൈലപ്രയ്ക്കുമിടയിൽ ഒരുവർഷത്തിനുള്ളിൽ ഒൻപത് ജീവനുകളാണ് നഷ്ടമായത്. വാഹനങ്ങളുടെ അമിതവേഗമാണ് ഇവിടെ ഭൂരിഭാഗം അപകടങ്ങൾക്കും കാരണമായത്.
ജില്ലാ പൊലീസ് മേധാവി വി.അജിത്ത് സംസാരിക്കുന്നു.
അപകടങ്ങൾ വർദ്ധിക്കാൻ കാരണം?
അമിത വേഗതയും അശ്രദ്ധയുമാണ് ജീവൻ നഷ്ടപ്പെടാൻ കാരണം. മണ്ണാറക്കുളഞ്ഞി വളവുകൾ കഴിഞ്ഞാൽ നീണ്ട പാതയാണ് കുമ്പഴ - മൈലപ്ര ഭാഗത്തുള്ളത്. അശ്രദ്ധകാരണം അമിത വേഗതയിലാകും. ഉറങ്ങി പോകുന്നവരും ക്ഷീണമുള്ളവരുമായിരിക്കും പലപ്പോഴും ഡ്രൈവർമാർ. ഇവരുടെ മുൻപിലേക്ക് ഉപറോഡുകളിൽ നിന്ന് വാഹനങ്ങൾ കയറുമ്പോൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രതപാലിക്കേണ്ടതുണ്ട്.
റോഡ് നിയമങ്ങൾ പാലിക്കുന്നില്ലേ?
റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചാൽ അപകടങ്ങൾ തടയാം. കയറ്റവും ഇറക്കവുമുള്ള റോഡിൽ ചില വാഹനങ്ങൾ നിയന്ത്രണം വിടും. നിയമങ്ങൾ പാലിച്ചാൽ അപകടങ്ങൾ കുറയ്ക്കാനാകും. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിയും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വാഹനവും മദ്ധ്യവര ക്രോസ് ചെയ്തതായാണ് കണ്ടെത്തിയത്. കെ.എസ്.ആർ.ടി.സി മദ്ധ്യവരയിലും സ്കൂട്ടർ അതും കടന്ന് പോവുകയും ചെയ്തതാണ് അപകടത്തിന് കാരണം. മണ്ഡലകാലമായതിനാൽ തിരക്കേറെയാണ്.
പരിഹാരമാർഗങ്ങൾ എന്തെല്ലാം?
കെ.എസ്.ടി.പിയോട് റോഡിൽ റബിൾസും റിഫ്ലക്ടർ സ്റ്റഡ്സും സ്ഥാപിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ഭാഗത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കും. ഇടയ്ക്ക് കൈകാണിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. ഡിവൈഡറുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.