photo

ശബരിമല : സന്നിധാനത്ത് തിരക്കേറിയതോടെ തീർത്ഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യപ്രദമായ സ്ഥലമില്ല. പന്ത്രണ്ട് വിളക്ക് മുതൽ വൻതിരക്കാണ് . കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പ്രതിദിനം ഒരുലക്ഷത്തോളം പേരാണ് ദർശനം നടത്തിയത്. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലും പമ്പയിലും സന്നിധാനം ശരണപാതയിലും തീർത്ഥാടകരെ മണിക്കൂറുകളോളം തടയുന്നുണ്ട്. മിക്കവരും അടുത്ത ദിവസം പുലർച്ചെ നെയ്യഭിഷേകം നടത്തിയാണ് മലയിറങ്ങുന്നത്. ഇതിനായി വിരിവച്ച് കാത്തിരിക്കും. മഴപെയ്താൽ ഇവർക്ക് നനയാതെ നിൽക്കാൻ ഇടമില്ല. മഴമൂലമൂലം ചെളികെട്ടിക്കിടക്കുന്ന തുറസായ സ്ഥലത്താണ് പലരും വിരിവയ്ക്കുന്നത്.

വിരിപ്പന്തൽ ഒരുക്കാനായി മാളികപ്പുറത്തിന് എതിർവശത്തുള്ള ഇരുനിലക്കെട്ടിടം നാല് വർഷം മുമ്പ് പൊളിച്ചുനീക്കിയിരുന്നു. പക്ഷേ ഇവിടെ സൗകര്യം ഒരുക്കിയിട്ടില്ല. അക്കോമഡേഷൻ സെന്ററുകൾ, അന്നദാന മണ്ഡപത്തിന്റെ മുകൾതട്ട്, മാളികപ്പുറം നടപ്പന്തൽ , വലിയ നടപ്പന്തൽ , പാണ്ടിത്താവളം എന്നിവിടങ്ങളിൽ പരിമിത സൗകര്യങ്ങളേയുള്ളു.

വരും ദിവസങ്ങളിൽ പ്രതിദിനം ഒരുലക്ഷത്തിൽ കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് കണക്കാക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ മുൻനിറുത്തി വരിവയ്ക്കാൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് സുരക്ഷാ സേനകൾ ദേവസ്വംബോർഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്.