തിരുവല്ല: നഗരസഭ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന സെപ്റ്റിക് ടാങ്ക് കുഴിയിലൊതുങ്ങി. ആശുപത്രിയിലെ നിലവിലുള്ള സെപ്റ്റിക് ടാങ്കിന്റെ ഓവർഫ്ലോ ടാങ്ക് ഒരുവർഷത്തിലേറെയായി കവിഞ്ഞൊഴുകുകയാണ്. താലൂക്കിലെ പ്രധാന ആശുപതിയിലെ ഗുരുതരമായ പ്രശ്നം പരിഹരിക്കാനായി 10 ലക്ഷം രൂപ ചെലവഴിച്ച് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നഗരസഭ നടപടികൾ തുടങ്ങി. ഇതിനായി ആശുപത്രിയിലെ പ്രധാന കെട്ടിടത്തിന് പിന്നിലായി അഞ്ച് മാസം മുൻപ് കുഴിയെടുത്തു. 10 മീറ്ററോളം വ്യാസത്തിലും 5 മീറ്ററോളം ആഴത്തിലുമാണ് കുഴിയെടുത്തത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങിയില്ല. മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴി, ഇപ്പോൾ ആശുപത്രിയിൽ എത്തുന്നവർക്ക് ഭീഷണിയായിരിക്കുകയാണ്. നഗരസഭ എൻജിനീയറിംഗ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റിൽ പണികൾ തീരില്ലെന്ന കാരണത്താൽ നിർമ്മാണം തടസപ്പെടുകയായിരുന്നു. കുഴിയുടെ വശങ്ങളിൽ സാധാരണ പോലെ കെട്ടി മുകളിൽ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് വശങ്ങളിൽ സാധാരണ രീതിയിൽ കെട്ടിയാൽ സുരക്ഷിതമല്ലെന്ന് മനസിലായത്. വശങ്ങളിൽ കമ്പികെട്ടി കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും എസ്റ്റിമേറ്റ് പുതുക്കിയിട്ടില്ല. ഇതിനിടെ ഉദ്യോഗസ്ഥർ മാറിയതും തീരുമാനം വൈകിപ്പിച്ചു. ഇതുകാരണം മാസങ്ങളായി കുഴിയിലെ നിർമ്മാണം മുടങ്ങി കിടക്കുകയാണ്.
........................
സെപ്റ്റിക് ടാങ്ക് നിർമ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് നഗരസഭാ അധികൃതരുമായി പലവട്ടം ചർച്ചകൾ നടത്തി. ശുചിത്വമിഷനുമായി സഹകരിച്ച് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഡോ .എൻ. ബിജു
(ആശുപത്രി സൂപ്രണ്ട്)
......................
സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് പുതുക്കാൻ ഡി.പി.സിക്ക് നൽകിയെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല.
ജോസ് പഴയിടം
(വൈസ് ചെയർമാൻ
തിരുവല്ല നഗരസഭ )