udf
നഗരസഭ ചെയർമാനെ യു.ഡി.എഫ് അംഗങ്ങൾ ഉപരോധിക്കുന്നു

പത്തനംതിട്ട : നവകേരള സദസിന് തുക അനുവദിക്കാനുള്ള അജണ്ടകൾ ഉൾപ്പെടെ ചർച്ച ചെയ്യാതെ പാസായതായി പ്രഖ്യാപിച്ച നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈനെ യു.ഡി.എഫ് കൗൺസിലർമാർ ചേംബറിൽ ഉപരോധിച്ചു. ജനാധിപത്യ വിരുദ്ധമായ നടപടികളുമായാണ് ഭരണ സമിതി മുന്നോട്ട് പോകുന്നതെന്ന് ചർച്ചയിൽ യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. അഡ്വ. എ. സുരേഷ് കുമാർ , അഡ്വ. റോഷൻ നായർ , എം.സി ഷെറീഫ്, ആനി സജി, റോസ്ലിൻ സന്തോഷ്, സിന്ധു അനിൽ, സി കെ അർജുനൻ , അഖിൽ അഴൂർ, അംബിക വേണു , മേഴ്‌സി വർഗീസ്, ആൻസി തോമസ്, ഷീന രാജേഷ് എന്നിവരാണ് പരാതികൾ ഉന്നയിച്ചത്. പരാതികൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ ബഹളംവച്ചു. തുടർന്ന് എല്ലാ അജണ്ടകളും പാസായതായി പറഞ്ഞ് ചെയർമാൻ ഇറങ്ങിപ്പോയി. യു.ഡി .എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി ചെയർമാന്റെ റൂമിലെത്തി ഉപരോധിക്കുകയായിരുന്നു. . നവകേരള സദസിന് 1 ലക്ഷം രൂപ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട പാസാക്കുവാൻ ഭൂരിപക്ഷമില്ലാത്തത് കൊണ്ടാണ് അജണ്ട ചർച്ച ചെയ്യാതെ പാസാക്കിയതെന്ന് യു.ഡി.എഫ് പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി ആരോപിച്ചു. ഭരണസമിതിയുടെ പ്രോഗ്രസ് റിപ്പോർട്ട് വിതരണം ചെയ്യാൻ കുടുംബശ്രീയെ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി പറഞ്ഞു. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് നഗരസഭ മുൻ കൈയെടുത്ത് സ്മാരകംപണിയണമെന്ന് ആവശ്യപ്പെട്ടു.

പാസാക്കിയത് ചർച്ചചെയ്ത്: ചെയർമാൻ (b0x)

പത്തനംതിട്ട : എല്ലാ അജണ്ടയും ചർച്ച ചെയ്താണ് പാസാക്കിയതെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കേണ്ട പദ്ധതികളെല്ലാം ചർച്ച ചെയ്തിരുന്നു. നവകേരള സദസ് വിഷയം അവതരിപ്പിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ ബഹളം വച്ചു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചാണ് അജണ്ട പാസാക്കിയത്. ജനാധിപത്യമര്യാദ പൂർണമായി അംഗീകരിച്ചാണ് നടപടി.